
ദില്ലി: ഫ്ലൈദുബായ് വിമാനത്തിൽ ഭീകര നീക്കം ചെറുത്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുറിച്ച് രാഹുൽ ഗാന്ധി മിണ്ടാത്തതിനെ ചോദ്യം ചെയ്ത് വീണ്ടും ബിജെപി. ഭീകരതയെ അനുകൂലിക്കുന്ന അടവുനയം കോൺഗ്രസ് വോട്ട് ബാങ്കിനായി സ്വീകരിക്കുകയാണെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനോട് സംസാരിക്കുകയും ദുബായ് കിരീടാവകാശി നേരിട്ട് സന്ദർശിക്കുകയും ചെയ്ത ശേഷവും കോൺഗ്രസിന്റെ പ്രഥമ കുടുംബത്തിൽ നിന്ന് ആരും ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.
ബട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് കണ്ണീർ പൊഴിച്ച സോണിയ ഗാന്ധിയും ഗാസയെക്കുറിച്ച് വാചാലനായ രാഹുൽ ഗാന്ധിയും എന്തുകൊണ്ട് ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്നു എന്നും ബിജെപി ചോദിച്ചു. ഭീകരതയെ അനുകൂലിക്കുന്നതും ചെറുക്കുന്നതുമായ രണ്ട് ആശയങ്ങൾക്കിടയിലുള്ള മത്സരമാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നതെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.
സമാന വിഷയത്തിൽ കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ സ്നേഹത്തിന്റെ കടയിൽ ഇന്ത്യയുടെ പുത്രന്‍റെ ധീരതയ്ക്ക് ഇടമില്ലേയെന്നായിരുന്നു ബിജെപി വക്താവ് സൗരവ് ഭാട്ടിയയുടെ ചോദ്യം. ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണോ ഗാന്ധി കുടുംബം മിണ്ടാത്തതെന്നും സൗരവ് ഭാട്ടിയ ചോദിച്ചു.
അതേസമയം ഖർഗെ അടക്കം നേതാക്കൾ സ്മിത്തിന്റെ ധീരതയെ പുകഴ്ത്തി പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനിരയായിട്ടും അസാധാരണമായ ധീരതയും മനോധൈര്യവും പ്രകടിപ്പിക്കുകയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ സഹായിക്കുകയും ചെയ്ത മച്ചാറിനെ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ പ്രതികരണം. മച്ചാർ എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നും ഖാർഗെ ആശംസിച്ചു. ക്യാപ്റ്റൻ സ്മിത്ത് മച്ചാറിൻ്റെ ധീരത അടക്കം എന്നും പ്രചോദനമായി നിലനിൽക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam