യുഡിഎഫ്- വെൽഫെയ‍ർ പാ‍ർട്ടി സഖ്യം ആയുധമാക്കി ബിജെപി ദേശീയനേതൃത്വം

By Web TeamFirst Published Oct 25, 2020, 5:40 PM IST
Highlights

വെല്‍ഫെയര്‍  പാര്‍ട്ടിയുമായി കേരള നേതാക്കള്‍ ചര്‍ച്ച നടത്തിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ദില്ലിയില്‍  ആവശ്യപ്പെട്ടു. 

ദില്ലി: കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം  ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി ബിജെപി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കേരള നേതാക്കള്‍ ചര്‍ച്ച നടത്തിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ദില്ലിയില്‍  ആവശ്യപ്പെട്ടു. 

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള  സഹകരണം  കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അടിക്കാനുള്ള വടിയാക്കുകയാണ് ബിജെപി. തീവ്രവാദ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള കോണ്‍ഗ്രസിന്‍റെ ബാന്ധവമാണ് പുറത്ത് വരുന്നത്. ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി കോണ്‍ഗ്രസിന്  ബന്ധമുണ്ട്. വയനാട്ടില്‍ രാഹുുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ കൊടി കണ്ടത് യാദൃശ്ചികമല്ലെന്നും  മുക്താര്‍ അബ്ബാസ് നഖ് വി വിമര്‍ശിച്ചു.

ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന് തീവ്രവാദബന്ധമുണ്ടെന്നറിഞ്ഞാണ്  അദ്ദേഹത്തിന്‍റെ കുടുംബത്തെ കാണാന്‍ രാഹുല്‍ഗാന്ധി തയ്യാറായതെന്നും നേതാക്കള്‍ ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം സംസ്ഥാനത്ത് സിപിഎം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയായുധമാക്കിയതിന് പിന്നാലെയാണ് ബിഹാര്‍ തെര‍ഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തില്‍ തീവ്രവാദ ആരോപണവുമായി   ബിജെപി കേന്ദ്ര നേതൃത്വം  രംഗത്തെത്തിയിരിക്കുന്നത്. 
 

click me!