ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്ന്; പക്ഷെ ബിഹാറില്‍ മത്സര രംഗത്ത് 600 കോടീശ്വരൻമാര്‍

By Web TeamFirst Published Oct 25, 2020, 5:30 PM IST
Highlights

 വൈശാലി മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി സഞ്ജീവ് സിംഗാണ്  രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നവരിലെ ഏറ്റവും വലിയ കോടീശ്വരൻ. 56 കോടിയാണ് ആസ്തി.

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട്ഘട്ടത്തില്‍ മത്സര രംഗത്തുള്ളത് 600 കോടീശ്വരൻമാര്‍. തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ  സമർപ്പിക്കപ്പെട്ട സത്യവാങ്മൂലം അനുസരിച്ചു അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. ബീഹാറിലെ ഒന്നാം ഘട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ വരുമാന ശരാശരി ഒരു കോടിയും രണ്ടാം ഘട്ടത്തിലെത് 3.86 കോടിയുമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

1064 പേര് വിവിധ  പാർട്ടികളിലായി മത്സരിക്കുന്ന  ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ 28 നാണ്. ഇതിൽ 33 ശതമാനം വരുന്ന 375 പേരുടെ സ്വത്ത്   ഒരുകോടിക്ക് മുകളിൽ ആണ്. നവംബർ 3 നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന 1464 സ്ഥാനാർഥികളിൽ 258 പേരും കോടീശ്വരൻമാരാണ്. ഇത് 59 ശതമാനം വരും. രണ്ടു ഘട്ടത്തിലെയും സ്ഥാനാർഥികളിൽ 45 കോടീശ്വരൻമാർ  ആർ ജെ ഡി സ്ഥാനാർഥികളാണ്.  

ബിജെപി യ്ക്ക് 41 സ്ഥാനാർഥികളും കോടിപതികളാണ്. രണ്ടാം ഘട്ടത്തിൽ 94 സീറ്റുകളിൽ മത്സരിക്കുന്ന 437 സ്ഥാനാർഥികളിൽ 258 പേർ കോടിപതികളാണ്.  ഇവരുടെ വരുമാന ശരാശരി 3.86 കോടിയോളം വരും. ഇന്ത്യയിൽ ഏറ്റവും അറ്റാദായം കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. ദേശീയ ശരാശരിയുടെ  പകുതിയിലും താഴെ. 

ദേശീയ ശരാശരി 126,400 ആകുമ്പോൾ ബീഹാറിലെത് 43,822 ആണ്. വൈശാലി മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി സഞ്ജീവ് സിംഗാണ്  രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നവരിലെ ഏറ്റവും വലിയ കോടീശ്വരൻ. 56 കോടിയാണ് ആസ്തി. ബീഹാറിലെ പ്രമാദമായ എഞ്ചിനീയറിംഗ് അഴിമതി ആരോപണത്തിൽ മുൻ മന്ത്രിയും ലാലു  പ്രസാദ് യാദവിന്റെ അടുപ്പക്കാരനുമായിരുന്ന ബിജ് ബാഹരി പ്രസാദിനൊപ്പം 1997 ൽ സിബിഐ അന്വേഷണം നേരിട്ടയാളാണ്. 

ഒരു ഘട്ടത്തിൽ പാർട്ടിയുടെ ഐ ടി സെൽ തലവൻ ആയിരുന്ന അദ്ദേഹം യൂത്തു കോൺഗ്രസ്സ് പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും വിവാദത്തിൽ കുടുങ്ങിയതിനാൽ ചുമതല ഏൽക്കാനായില്ല. ആർ ജെ ഡി യുടെ ദിയോ കുമാർ ചൗരസ്യ യാണ്  രണ്ടാമത്തെ വലിയ കോടീശ്വരൻ. ഹരി പ്പൂർ മണ്ഡലത്തിൽ  നിന്നും മത്സരിക്കുന്ന ഇദ്ദേഹത്തിന്റെ ആസ്തി 49 കോടിയാണ്. ഒരിക്കൽ ജെഡി യു  നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ അടുപ്പക്കാരനുമായിരുന്നു. എന്നാൽ ഇപ്പോൾ ആർ ജെ ഡിയിൽ ആണ് മത്സരിക്കുന്നത്.

മുസാഫാർപ്പൂർ പാറു മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ അനുനയ സിംഗ് ആണ്  മൂന്നാമത്തെ  കോടീശ്വരൻ. 46 കോടിയാണ് ആസ്തി. നിതീഷിന്റെ വിശ്വസ്ഥനും സംസ്ഥാനത്തെ എഡിജിപി യുമായിരുന്ന വിരമിച്ച ഐ പി എസുകാരൻ സുനിൽ കുമാറിന്റെ  സ്വത്ത്‌ 42 കോടിയാണ്. അതേസമയം യു എ പി എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് കൂടിയായ ആർ ജെ ഡി സ്ഥാനാർഥി അനന്ത്‌ സിംഗ്  ആണ്  ഇതുവരെയുള്ള ഏറ്റവും സമ്പന്നൻ. മോകാമയിൽ മത്സരിക്കുന്ന ഇയാളുടെ സ്വത്ത്‌  68 കോടിയാണ്.

കോടീശ്വരൻമാർക്കൊപ്പം മത്സരിക്കാൻ ദാരിദ്രരും ഉണ്ട്. എ ഐ എം ഐ എം സ്ഥാനാർഥി വിക്കിറാമാണ്  സ്ഥാനാർഥികളിലെ ദാരിദ്രൻ. ബാറുറാജിൽ മത്സരിക്കുന്ന ഇദ്ദേഹത്തിന്റെ പേരിൽ സ്വത്തുക്കളെയില്ല. ബിഹ്പൂറിൽ പ്ലൂറൽസ് പാർട്ടിയിൽ  മത്സരിക്കുന്ന രൻധീർ കുമാർ പാസ്വാന്റെ സ്വത്ത്  വെറും 8000 രൂപയാണ്.  

click me!