
പാട്ന: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിനെ ചൊല്ലി ബിഹാറിലെ ജെഡിയു - ബിജെപി സഖ്യത്തിൽ മുറുമുറുപ്പ്. നിതീഷ് കുമാറിൻ്റെ ഈ നിലപാട് കാരണം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായേക്കുമെന്ന് ബി ജെ പി മുന്നറിയിപ്പ് നൽകിയതായാണ് സൂചന.
ബീഹാറിൽ നിന്നും ജോലി തേടി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളും തെരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരെ തിരിയുമോ എന്ന ആശങ്കയാണ് ബിജെപി നേതാക്കൾ പങ്കിടുന്നത്. ഈ വർഷമാണ് ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സ്വന്തം നാട്ടിലേക്ക് തിരികെ പോകാനുള്ള ആഗ്രഹത്തോട് മുഖ്യമന്ത്രി നിതീഷ് കുമാർ മുഖം തിരിച്ചതിലുള്ള അമർഷമാണ് ഒരാഴ്ച മുൻപ് ദില്ലിയിലെ റയിൽവേ സ്റ്റേഷന് സമീപം കണ്ടപ്പോൾ തൊഴിലാളിയായ മുഹമ്മദ് അസ്ലം പങ്കുവച്ചത്. തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നത് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്കെതിരാകുമെന്ന നിതീഷ് കമാറിൻ്റെ നിലപാട് ബിഹാറിലെ 27 ലക്ഷം തൊഴിലാളികളിലുണ്ടാക്കിയ എതിർപ്പ് ചെറുതല്ല.
അപകടം മണത്ത ബീഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോദി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർ നിതീഷ് കുമാറിനോട് സംസാരിച്ചു. ഒക്ടോബർ - നവംബർ മാസത്തോടെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതം മനസിലാക്കിയതോടെ നിതീഷ് കുമാർ കർശന നിലപാടിൽ അൽപം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി.
തൊഴിലാളി വോട്ട് ബാങ്കിൻ്റെ ശക്തിയെന്തെന്നറിയാവുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി തൊഴിൽ വാഗ്ദാനം ചെയ്ത് തൊഴിലാളികളെ കൊണ്ടു പോയപ്പോൾ നിതീഷ് കുമാറിൻറെ നിസംഗത ബി ജെ പി യെ അമ്പരപ്പിക്കുകയാണ്. പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കില്ലെന്ന കടുത്ത നിലപാട് നിതീഷ് കമാർ പറഞ്ഞതും ബി ജെ പി ക്ക് തലവേദനയായിരുന്നു. സഖ്യത്തിലെ ഈ കല്ലുകടി മുതലാക്കാൻ തല്ക്കാലം സംസ്ഥാനത്തെ ആർജെഡി കോൺഗ്രസ് സഖ്യത്തിനായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam