
ദില്ലി: ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ഗേറ്റ്‍സുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സാമൂഹിക അകലത്തെക്കുറിച്ച് വ്യക്തമായ സന്ദേശം ജനങ്ങളിലെത്തി. സ്വച്ഛ്ഭാരത് മിഷനും ആയുർവേദം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും രോഗപ്രതിരോധ നടപടികൾക്ക് മുതൽക്കൂട്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് രോഗാണുവിനെ പൂർണ്ണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. എയിഡ്‍സ് വൈറസ് പോലെ ഇത് എക്കാലവും മനുഷ്യർക്ക് ഒപ്പമുണ്ടാകാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന എക്സിക്യുട്ടീവ് ഡയറക്റ്റർ ഡോക്ടർ മൈക് റയാൻ പറഞ്ഞു. ലോക ജനസംഖ്യയുടെ വലിയൊരു ഭാഗം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ഇവർക്ക് വൈദ്യ സഹായം വേണ്ടിവരുമെന്നും യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി.
കൊവിഡ് രോഗത്തിന് ഇപ്പോഴുള്ള മികച്ച പരിചരണ രീതി എന്തെന്ന് കണ്ടെത്താൻ ലോകാരോഗ്യ സംഘടനാ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ പഠനം തുടങ്ങി. യൂറോപ്പിലെ തകർന്ന വിനോദസഞ്ചാര മേഖല പുനര്‍ജീവിപ്പിക്കാന്‍ യൂറോപ്പ്യന്‍ യുണിയൻ പുതിയ പദ്ധതി അവതരിപ്പിച്ചു. മിക്ക രാജ്യങ്ങളും കൂടുതൽ ഇളവുകൾ നൽകണമെന്ന നിർദേശം ഉൾപ്പെടുന്നതാണ് പദ്ധതി.