'രാജ്യദ്രോഹപരമായ പരാമര്‍ശം'; മെഹ്ബൂബ മുഫ്തിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി

By Web TeamFirst Published Oct 24, 2020, 6:51 PM IST
Highlights

ജമ്മു കശ്മീരിന്റെ സംസ്ഥാന പതാക തിരിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്തുകയുളളൂ എന്നായിരുന്നു മെഹ്ബൂബയുടെ പ്രസ്താവന...
 

ശ്രീനഗര്‍: പതിനാല് മാസങ്ങള്‍ക്ക് ശേഷം കരുതല്‍ തടങ്കലില്‍ നിന്ന് മോചിതയായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിജെപി. മോചിതയായ ശേഷം മെഹ്ബൂബ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ അവര്‍ നടത്തിയ പതാക പരാമര്‍ശമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പതാക തിരിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്തുകയുളളൂ എന്നായിരുന്നു മെഹ്ബൂബയുടെ പ്രസ്താവന. 

മെഹ്ബൂബയുടെ രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പരിശോധിക്കണമെന്നും മെഹ്ബൂബയെ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ജയിലിലടയ്ക്കണമെന്നും ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദ്ര റെയ്‌ന പറഞ്ഞു. 

''ഞങ്ങളുടെ പതാകയ്ക്കും രാജ്യത്തിനും മാതൃഭൂമിക്കും വേണ്ടി ഓരോ തുള്ളി രക്തവും ഞങ്ങള്‍ നല്‍കും. ജമ്മു കശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ ഒറ്റ പതാക മാത്രമേ ഉയര്‍ത്താനാകൂ. അത് ദേശീയ പതാകയാണ്. '' - രവീന്ദ്ര റെയ്‌ന പറഞ്ഞു. 

സംസ്ഥാന പതാകയും ദേശീയ പതാകയും ഉള്ളതുകൊണ്ടാണ് ഇവിടെ ദേശീയ പതാകയും ഉള്ളതെന്നും സംസ്ഥാന പതാക ഉള്ളതുകൊണ്ടാണ് ജമ്മു കശ്മീര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ബിജെപിയെ ചൊടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ മെഹ്ബൂബ പറഞ്ഞിരുന്നു. 

click me!