അതിർത്തി തർക്കത്തിൽ രാഷ്ട്രീയപ്പോര് രൂക്ഷമാകുന്നു: ആരോപണം കടുപ്പിച്ച് ബിജെപിയും കോൺ​ഗ്രസും

By Web TeamFirst Published Jun 26, 2020, 6:53 PM IST
Highlights

ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യൂ വരിച്ച ജവാന്മാർക്ക് സമൂഹമാധ്യമങ്ങളിലൂട ആദരവ് അർപ്പിക്കാൻ കോൺഗ്രസ്  ആഹ്വാനം ചെയ്തിരുന്നു

ദില്ലി: അതിർത്തി തർക്കത്തിൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. ചൈന കടന്നുകയറിയെന്ന് പറയാനുള്ള ധൈര്യം പ്രധാനമന്ത്രി കാണിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ചൈനീസ് എംബസിക്കു പുറമെ പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം കൈപ്പറ്റിയെന്ന ആരോപണം ഉന്നയിച്ചാണ് ബിജെപിയുടെ തിരിച്ചടി.

ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യൂ വരിച്ച ജവാന്മാർക്ക് സമൂഹമാധ്യമങ്ങളിലൂട ആദരവ് അർപ്പിക്കാൻ കോൺഗ്രസ്  ആഹ്വാനം ചെയ്തിരുന്നു. വീഡിയോ സന്ദേശങ്ങളിലൂടെ  നിരവധി കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിൽ പങ്കെടുത്തു. അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രിക്കു മേലുള്ള സമ്മർദ്ദം തുടരാനും പ്രചാരണം കോൺഗ്രസ് ആയുധമാക്കി. 

അതിർത്തിയിൽ ചൈന കടന്നു കയറിയില്ലെങ്കിൽ സൈനികർ എങ്ങനെ മരിച്ചു എന്ന് സോണിയ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി സത്യം പറയണം എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസിനെതിരെയുള്ള അഴിമതി ആരോപണത്തിലേക്ക് ശ്രദ്ധ മാറ്റി
തിരിച്ചടിക്കാനായിരുന്നു ബിജെപി ശ്രമം. രാജീവ് ഗാന്ധി ഫൗണ്ടേഷന് 2007 ൽ ചൈന 90 ലക്ഷം സംഭാവന നൽകിയെന്ന ആരോപണം ഇന്നലെ ബിജെപി ഉയർത്തിയിരുന്നു. 

ഇതിനു പുറമെ 2005 മുതൽ  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫൗണ്ടേഷന് സംഭാവന കിട്ടിയതായും ബിജെപി അദ്ധ്യക്ഷൻ ജെപി നഡ്ഡ ആരോപിച്ചു. പൊതുപണം കുടുംബ ഫൗണ്ടേഷന് നല്കിയത് എന്തിനെന്ന് രേഖകൾ പുറത്തു വിട്ട് ജെപി നഡ്ഢ ചോദിച്ചു. കോൺഗ്രസ് ബിജെപി പോര് മുറുകുമ്പോഴും യുപിഎയിലെ സഖ്യകക്ഷികൾ ഉൾപ്പടെ പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇതിൽ നിന്ന് മാറി നിൽക്കുകയാണ്.

click me!