'വിശ്വാസം' തുണയ്ക്കുമോ? ആശങ്കയില്‍ സര്‍ക്കാര്‍, ആത്മവിശ്വാസത്തോടെ ബിജെപി

By Web TeamFirst Published Jul 15, 2019, 1:35 PM IST
Highlights

കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ട അവസ്ഥയിലാണെങ്കിലും വിമതരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് വരുന്നതുവരെ എങ്ങനെയും പിടിച്ചുനില്‍ക്കാനാണ് കുമാരസ്വാമി ശ്രമിക്കുന്നത്.

ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയനാടകങ്ങള്‍ തുടരുന്നതിനിടെ, ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി  സ്പീക്കര്‍ക്ക് കത്ത് നല്‍കി. വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. 

"ഭൂരിപക്ഷമുണ്ടെന്ന് സംസ്ഥാനത്തെ ജനങ്ങളുടെ മുമ്പില്‍ തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അത് അദ്ദേഹം തെളിയിക്കട്ടെ. ഞങ്ങളുടെ 105 എംഎല്‍എമാരും സഭയിലെത്തിയിട്ടുണ്ട്." വിധാന്‍ സൗദയിലെത്തിയ ബിജെപി എംഎല്‍എ സുരേഷ് കുമാര്‍ പറഞ്ഞു. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി. ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കഴിയില്ലെന്നുറപ്പായ സാഹചര്യത്തില്‍ എത്രയും വേഗം കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

നിലവിലെ സാഹചര്യത്തില്‍ ഏഴ് വിമത എംഎല്‍എമാരെങ്കിലും തീരുമാനം മാറ്റിയാല്‍ മാത്രമേ സര്‍ക്കാരിന് നിലനില്‍ക്കാനാവൂ. കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ട അവസ്ഥയിലാണെങ്കിലും വിമതരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് വരുന്നതുവരെ എങ്ങനെയും പിടിച്ചുനില്‍ക്കാനാണ് കുമാരസ്വാമി ശ്രമിക്കുന്നത്. ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് കുമാരസ്വാമിയുടെ തീരുമാനമെന്നും സൂചനയുണ്ട്. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ട അവസ്ഥയാണുള്ളത്. അതിനിടെ, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വിമതരുടെ നീക്കവും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അനുനയചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മുംബൈയിലെത്തി വിമത എംഎല്‍എമാരെ കാണാനിരിക്കെയാണ് വിമതര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളെ ആരെയും കാണാന്‍ തങ്ങള്‍ക്ക് താല്പര്യമില്ല. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും പൊലീസിന് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. 14 എംഎല്‍എമാരാണ് പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് 13 പേരും ജെഡിഎസില്‍ നിന്ന് 3 പേരുമാണ് രാജി പ്രഖ്യാപിച്ചത്. സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രനും കെജെപി അംഗവും ബിജെപിയോടൊപ്പം ചേരുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതും വിശ്വാസവോട്ടെടുപ്പ് നേരിടാമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചതും. 

click me!