ഹരിയാനയിൽ ബലാത്സംഗക്കേസ് പ്രതിയായ എംഎൽഎയുടെ പിന്തുണ വേണ്ടെന്ന് ബിജെപി

By Web TeamFirst Published Oct 26, 2019, 2:35 PM IST
Highlights

ഹരിയാനയില്‍  ബലാത്സംഗ കേസിൽ പ്രതിയായ എംഎല്‍എ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടേണ്ടെന്ന് ബിജെപി തീരുമാനം. ഹരിയാന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് തീരുമാനം അറിയിച്ചത്.

ചണ്ഡീഗഢ്: ഹരിയാനയില്‍  ബലാത്സംഗ കേസിൽ പ്രതിയായ എംഎല്‍എ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടേണ്ടെന്ന് ബിജെപി തീരുമാനം. ഹരിയാന ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് തീരുമാനം അറിയിച്ചത്. തനിച്ച് ഭൂരിപക്ഷം നേടാനാവാതിരുന്ന ബിജെപിക്ക് പിന്തുണ നൽകാന്‍ തയ്യാറായ ആറ് സ്വതന്ത്ര എംഎല്‍എ മാരെ നയിക്കുന്നത് ഖണ്ഡെയാണ്. എയർഹോസ്റ്റസായിരുന്ന ഗീതിക ശർമയുടെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ഗോപാല്‍ ഖണ്ഡെ. 

 

ഗോപാൽ കണ്ടയുടെ വിമാന കമ്പനിയിൽ എയർ ഹോസ്റ്റസായിരുന്നു ഗീതികാ ശർമ. പിന്നീട് ഇവർ കമ്പനിയുടെ ഉയർന്ന പദവിയിലെത്തി. 2012 ലാണ് 23 കാരിയായ ഗീതിക ആത്മഹത്യ ചെയ്തത്. മാസങ്ങൾക്ക് ഉള്ളിൽ  ഇവരുടെ അമ്മയും ആത്മഹത്യ ചെയ്തു. കണ്ടയുടെ ലൈംഗിക ചൂഷണവും മാനസിക പീഡനവുമാണ് ഗീതികയുടെയും അമ്മയുടെയും ആത്മഹത്യയിൽ കലാശിച്ചതെന്നാണ് പരാതി. കണ്ടയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തതായിരുന്നു പീഡനങ്ങൾക്ക് കാരണം. കേസിൽ അറസ്റ്റിലായ കണ്ടയും സഹായി അരുണയും ജയിലിലാവുകയും ചെയ്തിരുന്നു. ബലാത്സംഗ കുറ്റവും ചുമത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇയാൾക്കെതിരെ നേരത്തെ ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. സിർസയില്‍ നിന്നുള്ള എംഎല്‍എ ആയ കണ്ട മുമ്പ് ഭുപീന്ദർസിംഗ് ഹൂഡ നയിച്ചിരുന്ന ഹരിയാനയിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു.

 

ഗോപാല്‍ കണ്ടയുടെ പിന്തുണ സ്വീകരിക്കാനുള്ള ബിജെപി നീക്കത്തെ കോണ്‍ഗ്രസ് നേതൃത്വം പരിഹസിച്ചിരുന്നു. കണ്ടയെ കുറിച്ച് നരേന്ദ്ര മോദിയും അമിത് ഷായും മുമ്പ് പറഞ്ഞ വാക്കുകൾ പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുർജോവാല ആവശ്യപ്പെട്ടു. കുല്‍ദീപ് സിംഗ് സെന്‍ഗാര്‍, ചിന്മയാനന്ദ് തുടങ്ങിയവരുടെ നിരയിലേക്ക് ഗോപാല്‍ കണ്ടയെ കൂടി ബിജെപി കൊണ്ടു വരികയാണെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പരാമർശം. എല്ലാ വനിതകളും ബിജെപിയെ ബഹിഷ്കരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. ഉമാഭാരതിയുൾപ്പടെയുള്ള ചില ബിജെപി നേതാക്കളും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഗോപാല്‍ കണ്ടയുടെ പിന്തുണ സ്വീകരിക്കുന്നത് നരേന്ദ്രമോദിയുടെയും മനോഹര്‍ ലാൽ ഖട്ടാറിന്‍റയും ക്ലീന്‍ ഇമേജിനെ ബാധിക്കുമെന്ന് ബിജെപി നേതാക്കൾ തന്നെ കരുതുന്നു. ഹരിയാനയിൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിലാണ് ഗോപാല്‍ കണ്ട യുൾപ്പടെയുള്ളവരുടെ പിന്തുണ തേടാന്‍ ബിജെപി നേതൃത്വം നിർബന്ധിതരായത്.

 

ഇതിനിടെ ബിജെപി-ജെജെപി സഖ്യം വോട്ട് ചെയ്തവർക്കെതിരായുള്ള സഖ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ആരോപിച്ചു. ബിജെപിക്കെതിരെ സമാന മുദ്രാവാക്യം ഉയർത്തിയാണ് കോണ്‍ഗ്രസും ജെജെപിയും മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

click me!