
അഗർത്തല: അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ നിൽക്കുന്ന ത്രിപുരയിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഇക്കുറി അതിശക്തമായ പോരാട്ടമാണ് ത്രിപുരയിൽ നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഏറെക്കാലം ഒറ്റയ്ക്ക് സംസ്ഥാനം ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി കോൺഗ്രസുമായി ധാരണയുണ്ടാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തിപ്ര മോത പാർട്ടി ഒരു ഭാഗത്തുണ്ട്. മറുഭാഗത്ത് നിലവിലെ ഭരണകക്ഷിയായ ബിജെപിയാണ്.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കിയത്. പെൺകുഞ്ഞുങ്ങൾ ഉള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം. കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ സ്കൂട്ടർ, പി എം ഉജ്ജ്വല യോജന വഴി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ത്രിപുരയിൽ വരാനിരിക്കുന്നത് ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ 50 ൽ അധികം സീറ്റ് ലഭിക്കും. വർഷങ്ങളായുള്ള സിപിഎം - കോൺഗ്രസ് രഹസ്യ ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സി പി എം കോൺഗ്രസ് സഖ്യം വെല്ലുവിളിയല്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇരു പാർട്ടികളും എ ടീമും ബി ടീമും ആയിരുന്നു. ഇത്രയും നാളും രഹസ്യമായി ഉണ്ടായിരുന്ന ബന്ധം പരസ്യമായി. കോൺഗ്രസ് 13ൽ ഒതുങ്ങി. സി പി എം - കോൺഗ്രസ് സഖ്യത്തിന് വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമേ കിട്ടൂ. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ കുറിച്ച് ബിജെപി ചിന്തിക്കുന്നതേയില്ല . അത് തിപ്ര മോതയുടെ ആഗ്രഹം മാത്രമാണ്. ഭാവി ആർക്കും അറിയില്ല. ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാൽ അതിന്റെ ആവശ്യം വരില്ലെന്നും മാണിക് സാഹ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam