ഓപ്പറേഷൻ താമര വിജയം; ഇരിപ്പുറച്ച് യെദ്യൂരപ്പ, ആഹ്ളാദത്തില്‍ ബിജെപി

By Web TeamFirst Published Dec 9, 2019, 1:26 PM IST
Highlights

മത്സരിച്ച 13 വിമതരിൽ 11 പേരും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു. മൂന്നര വർഷത്തേക്ക് രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയ യെദിയൂരപ്പക്ക് ഇനി വെല്ലുവിളി സ്വന്തം ക്യാമ്പിലെ തർക്കങ്ങളാവും.

ബെംഗളൂരു: കർണാടകത്തിൽ കേവലഭൂരിപക്ഷം ഉറപ്പിച്ചു യെദ്യൂരപ്പ സർക്കാർ. ഉപതെരഞ്ഞെടുപ്പ് നടന്ന പതിനഞ്ചിൽ 12 സീറ്റും ബിജെപി നേടി. മറുകണ്ടം ചാടി ബിജെപി ടിക്കറ്റിൽ മത്സരിച്ച 13 വിമതരിൽ 11 പേരും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചു. ഭരണം പിടിക്കാനുള്ള ഓപ്പറേഷൻ താമര ഫലം കണ്ടു, കൂറുമാറ്റത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ അതേ പടി ശരിവെച്ചു കർണാടകത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിൽ എത്തി. 

ഭരണം തുടരാൻ കോൺഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളിൽ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോൾ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. കോൺഗ്രസിന് നഷ്ടം 12 സീറ്റ്. ജെഡിഎസിന് മത്സരിച്ച മൂന്ന് സീറ്റുകളിൽ മൂന്നും പോയി. ബിജെപി ടിക്കറ്റിൽ മത്സരിച്ച 13 വിമതരിൽ 11 പേരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 

മുതിർന്ന നേതാക്കളായ എ എച് വിശ്വനാഥ്, എം ടി ബി നാഗരാജ് എന്നിവർക്ക് കാലിടറി. ബിജെപി വിമതനായ ശരത് ബചഗൗഡയാണ് നാഗരാജിനെ വീഴ്ത്തിയത്. സഭയിൽ ശരത് ബിജെപിയെ പിന്തുണച്ചേക്കും. മിക്ക വിമത എം എൽ എമാരുടെയും ഭൂരിപക്ഷം ഇരട്ടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത് പോയ മണ്ഡലങ്ങളിൽ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും  കോൺഗ്രസ്‌ താരതമ്യേന ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതും ബിജെപിക്ക് അനുഗ്രഹമായി. യെദ്യൂരപ്പയ്ക്ക് അനുകൂലമായി ലിംഗായത് വോട്ട് ധ്രുവീകരണം ഉണ്ടായതും പ്രകടം.

ജെഡിഎസിന്റെ സിറ്റിങ് സീറ്റായ ഹുൻസൂർ പിടിച്ചെടുത്തത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. തട്ടകമായ മണ്ഡ്യയിലെ കെ ആർ പെട്ട് കൂടി പോയത് ജെഡിഎസിന് ക്ഷീണമായി. നിലവിൽ 222 അംഗ സഭയിൽ 117 സീറ്റിന്റെ സുരക്ഷിത ഭൂരിപക്ഷമായി ഇതോടെ ബിജെപിക്ക്. 104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കഴിയാതിരുന്ന പാർട്ടിയാണ് ഒന്നര വർഷം കൊണ്ട് 13 ഉപതെരഞ്ഞെടുപ്പ് ജയങ്ങളിലൂടെ ഭൂരിപക്ഷം പിടിക്കുന്നത്. 

മൂന്ന് സർക്കാരുകളുടെ സത്യപ്രതിജ്ഞയാണ് അടുത്തടുത്ത് കർണാടകം കണ്ടത്. യെദിയൂരപ്പ, പിന്നെ കുമാരസ്വാമി, വീണ്ടും യെദിയൂരപ്പ. വിശ്വാസവോട്ട് തോറ്റ് രണ്ട് ദിവസം കൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്ന ആദ്യ ഊഴത്തിന് ശേഷം, സഖ്യസർക്കാരിനെ വീഴ്ത്തി വീണ്ടും അധികാരമേറ്റ യെദിയൂരപ്പക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒടുവിൽ ഇരിപ്പുറയ്ക്കുന്നു. ഒടുവിൽ കേവല ഭൂരിപക്ഷമുളള ഒറ്റക്കക്ഷി കർണാടകം ഭരിക്കുന്നു. 

മൂന്നര വർഷത്തേക്ക് രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയ യെദിയൂരപ്പക്ക് ഇനി വെല്ലുവിളി സ്വന്തം ക്യാമ്പിലെ തർക്കങ്ങളാവും. മന്ത്രിസ്ഥാനം വിമതർക്ക് വാഗ്ദാനം ചെയ്തുകഴിഞ്ഞു. വലിയ നിര നേതാക്കൾ ബിജെപിയിൽ മന്ത്രിമാരാവാൻ കാത്തിരിക്കുന്നു. എല്ലാ വിലപേശലുകളെയും അതിജീവിക്കുന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്‍റെ പോക്ക്. കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലോടെ വിഭാഗീയ നീക്കങ്ങൾ പ്രകടമായ കർണാടക ബിജെപിയിൽ, നേതാവ് താൻ തന്നെയെന്ന് ഉറപ്പിക്കുക കൂടിയാണ് യെദിയൂരപ്പ.

സഖ്യസർക്കാരിനെ മറിച്ചിട്ട വിമതരുടെ ജയം കോൺഗ്രസിന് വൻ നിരാശയായി. ബിജെപി കേവലഭൂരിപക്ഷത്തിലെത്തിയില്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാനുളള ആലോചനകൾ പാർട്ടി തുടങ്ങിയിരുന്നു. അത് വെറുതെയായി. സിദ്ധരാമയ്യ,ഡി കെ ശിവകുമാർ, ജി പരമേശ്വര ഗ്രൂപ്പുകളുണ്ടാക്കിയ വിഭാഗീയ പ്രശ്നങ്ങളും വിമതർ കൂറുമാറിയപ്പോഴുണ്ടായ സംഘടനാ ദൗർഭല്യവും കോൺഗ്രസിന് തിരിച്ചടിയായി.  പ്രചാരണം നയിച്ച സിദ്ധരാമയ്യയയുടെ പ്രതിപക്ഷ നേതൃപദവി ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഡി കെ ശിവകുമാറിന് വേണ്ടിയുളള മുറവിള ശക്തമാകും. ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന എംഎൽഎമാരെ പിടിച്ചുനിർത്താനുളള പെടാപ്പാടാകും കോൺഗ്രസിനൊപ്പം ജെഡിഎസിനും.

click me!