
ദില്ലി: ആം ആദ്മി പാര്‍ട്ടിക്കെതിരെ ഗുജറാത്തില്‍ ബിജെപിയും കോൺഗ്രസും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. കോണ്‍ഗ്രസ് ബിജെപിയുടെ ഭാര്യയെ പോലെയാണ്. ഇരു പാര്‍ട്ടികളും ഐ ലവ് യൂ - ഐ ലവ് യൂ കളിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിയും കോൺഗ്രസും തമ്മിൽ ഭാര്യ-ഭർത്താവ് അല്ലെങ്കില്‍ സഹോദരീ സഹോദര ബന്ധമുണ്ട്. ഗുജറാത്തില്‍ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന് അമിത് ഷായുടെ പറയുന്ന ഒരു അഭിമുഖം ഇന്നലെ കേട്ടിരുന്നു.
കോൺഗ്രസ് ബിജെപിയുടെ ഭാര്യയെ പോലെയാണ്. ബിജെപിയുടെ പോക്കറ്റിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. 27 വര്‍ഷത്തെ ബിജെപി ഭരണം കൊണ്ട് ഗുജറാത്തിലെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അവര്‍ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാക്കളെയാരും ചര്‍ച്ചകള്‍ വിളിക്കരുതെന്ന് ഗുജറാത്തിലെ ടി വി ചാനലുകളെ ബിജെപിക്ക് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കെജ്‍രിവാള്‍ ആരോപിച്ചു.
അതേസമയം, വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ കോൺഗ്രസ് അഞ്ച് സീറ്റ് പോലും നേടില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. അഞ്ച് സീറ്റ് കോൺഗ്രസിന് ലഭിക്കില്ലെന്ന് പറഞ്ഞതിന് തെളിവായി അദ്ദേഹം കടലാസിൽ കുറിച്ചുനൽകുകയും ചെയ്തു. ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനെ ആരും ഗൗരവത്തിൽ എടുക്കുന്നില്ല. ഗുജറാത്തിലെ ജനങ്ങൾക്ക് മാറ്റം ആവശ്യമാണ്.
അവർക്ക് മാറ്റം ആവശ്യമില്ലെങ്കിൽ ഞങ്ങൾക്ക് ഇവിടെ ഇടം ലഭിക്കില്ലായിരുന്നു. 30 ശതമാനം വോട്ടുവിഹിതം എഎപിക്ക് ലഭിക്കും. പഞ്ചാബിൽ ഞങ്ങൾ സർക്കാരുണ്ടാക്കി. അതുപോലെ ഗുജറാത്തിലും എന്തെങ്കിലും വ്യത്യാസമുണ്ടാകും. കോൺഗ്രസിന് ഒന്നും ചെയ്യാനാകില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു. അഞ്ച് സീറ്റുപോലും അവർ നേടില്ലെന്ന് ഞാൻ പറയുന്നു. രണ്ടാം സ്ഥാനത്ത് എത്തുന്നത് എഎപിയായിരിക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു. ഭാവിയിൽ തെളിവിനായി അദ്ദേഹം പറഞ്ഞ കാര്യം പേപ്പറിൽ എഴുതി നൽകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam