പൗരത്വ നിയമ ഭേ​ദ​ഗതി: ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ബിജെപിക്ക് സാധിക്കുമെന്ന് അമിത് ഷാ

By Web TeamFirst Published Jan 11, 2020, 3:30 PM IST
Highlights

പൗരത്വ നിയമ ഭേദ​ഗതിയിലെ വ്യവസ്ഥകൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വീടുകൾ തോറുമുള്ള പ്രചാരണം നടത്താൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധിന​ഗർ: പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിയമം ജനങ്ങൾക്ക് പൗരത്വം നൽകുന്നതിനാണെന്നും അല്ലാതെ അപഹരിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദ​ഗതിയിലെ വ്യവസ്ഥകൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വീടുകൾ തോറുമുള്ള പ്രചാരണം നടത്താൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

''പൗരത്വ നിയമ ഭേദ​ഗതിയെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വിവരങ്ങളും അസത്യവും പ്രചരിപ്പിക്കുകയാണ്. ഇത് രാജ്യമെമ്പാടും അരാജകത്വത്തിന് കാരണമായിത്തീർന്നു.'' ഗാന്ധിനഗറിൽ ഗുജറാത്ത് പോലീസിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനുള്ള ചടങ്ങിൽ സംസാരിക്കവെയാണ് അമിത് ഷാ ഇപ്രകാരം പറഞ്ഞത്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് ഈ നിയമം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''ജനങ്ങളെ സത്യം ബോധ്യപ്പെടുത്തി കൊടുക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്. ഓരോ വീട്ടിലും പോയി പൗരത്വ നിയമ ഭേദ​ഗതിയുടെ പ്രയോജനങ്ങൾ ആളുകളെ മനസ്സിലാക്കാൻ ഞാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ പ്രചരണം അവസാനിച്ചുകഴിഞ്ഞാൽ, രാജ്യത്തെ ജനങ്ങൾക്ക് പൗരത്വ നിയമ ഭേദ​ഗതിയുടെ  പ്രാധാന്യം മനസ്സിലാകും," അമിത് ഷാ പറഞ്ഞു. സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം കുറ്റകൃത്യങ്ങൾ തടയാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

click me!