
ഗുവാഹത്തി: വടക്കുകിഴക്കൻ മേഖലയിലെ ബിജെപി കൂറ്റൻ ഓഫിസ് ഉദ്ഘാടനത്തിനൊരുങ്ങി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഓഫിസ് ഉദ്ഘാടനം ചെയ്യുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ എന്നിവരുൾപ്പെടെ നിരവധി സംസ്ഥാന പാർട്ടി നേതാക്കൾ പങ്കെടുക്കും. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഓഫിസ് തുറക്കുന്നത്. അസം ബിജെപി സംസ്ഥാന ഓഫിസ് വടക്കുകിഴക്കൻ മേഖലയിലെ പാർട്ടിയുടെ ഏറ്റവും വലിയ ഓഫീസായിരിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
ഓഫീസിൽ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 95,000 ചതുരശ്ര അടിയാണ് വിസ്തീർണം. ആറ് നിലകളും തുറന്ന ഓപ്പൺ ടെറസുമുണ്ട്. 350 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും 40 പേർക്ക് വീതം ഇരിക്കാവുന്ന ഹൈടെക് കോൺഫറൻസ് റൂമുകളും സജ്ജമാക്കി. 50 പേർക്ക് വീതം ഇരിക്കാവുന്ന അഞ്ച് മീറ്റിംഗ് റൂമുകളും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളന മുറി, സ്വീകരണ കേന്ദ്രം, കാന്റീന് എന്നിവയും ഓഫീസിൽ ഉൾപ്പെടുത്തും. 2019 ഫെബ്രുവരിയിൽ അന്നത്തെ പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ഓഫീസിന് തറക്കല്ലിട്ടത്. വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള വാതിലാണ് അസമെന്നും ഈ മേഖലയിൽ ഞങ്ങളുടെ പാർട്ടിക്ക് ഭാഗ്യം തുറന്ന സംസ്ഥാനമാണ് അസമെന്നും ബിജെപി നേതാവ് എഎൻഐയോട് പറഞ്ഞു.
ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും കേന്ദ്രമന്ത്രി അമിത് ഷായും നടത്തുന്ന അസം ദ്വിദിന സന്ദർശനം വെള്ളിയാഴ്ച ആരംഭിച്ചു. ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന യോഗത്തിലും നദ്ദയും ഷായും പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും നടക്കുന്ന ഔദ്യോഗിക യോഗങ്ങളിൽ അമിത് ഷാ പങ്കെടുക്കുമെന്ന് എഎൻഐ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam