Latest Videos

'പേരിനെയല്ല, അപമാനിച്ചത് ഒരു സമുദായത്തെയാകെ'; രാഹുലിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി, പ്രതിരോധിച്ച് പ്രിയങ്ക

By Web TeamFirst Published Mar 23, 2023, 5:57 PM IST
Highlights

കോടതിവിധിയിൽ രാഹുൽ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് അദ്ദേഹം തുടരുമെന്നും സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ​ഗാന്ധി പ്രതികരിച്ചു. ഭരണകൂടവും അതിന്റെ സംവിധാനങ്ങളുമൊന്നാകെ രാഹുൽ ​ഗാന്ധിയുടെ ശബ്ദം എല്ലാ അർത്ഥത്തിലും അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹം അതിൽ ഭയപ്പെട്ടിട്ടില്ല, ഇനി ഭയപ്പെടുകയുമില്ല.

ദില്ലി: മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ​ഗാന്ധിക്കെതിരായി കോടതി വിധി വന്നതിനു പിന്നാലെ അദ്ദേഹത്തിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. രാഹുൽ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, സമുദായത്തെയാകെയാണ് എന്ന തരത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് പാർട്ടി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇതു സംബന്ധിച്ച പരാമർശവുമായി രം​ഗത്തെത്തിയത്.

"മോദികൾ ഒരു സമുദായമാണ്. അവരിൽ സ്പോർട്സ് താരങ്ങളുണ്ട്, രാഷ്ട്രീയക്കാരുണ്ട്, ഡോക്ടർമാരുണ്ട്, ബിസിനസുകാരമുണ്ട്. ഒരു പേര് ഉള്ളവരെല്ലാം കള്ളന്മാരാണെന്ന് ആരോപിക്കുമ്പോൾ ആ സമു​ദായത്തെയാകെയാണ് അപമാനിക്കുന്നത്. ഉറപ്പായും ഇത് അപകീർത്തികരമാണ്. രാഹുൽ ​ഗാന്ധി പറയുന്നത് അദ്ദേഹം സത്യത്തിലും അഹിംസയിലും വിശ്വസിക്കുന്നെന്നാണ്. സത്യത്തിലും അഹിംസയിലും വിശ്വസിക്കുന്നു എന്നതിന് അർത്ഥം ആളുകളെ അപമാനിക്കാമെന്നും സമുദായവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശം നടത്താമെന്നുമാണോ". രവിശങ്കർ പ്രസാദ് ചോദിച്ചു. 

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി ഇന്നാണ് രാഹുൽ ​ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. മോദി എന്ന് പേരിൽ ഉള്ളവരെല്ലാം കള്ളന്മാരാകുന്നതെങ്ങനെയാണ് എന്ന പരാമർശമാണ് കേസിന് ആധാരമായത്. കോടതിവിധിയെ സ്വാ​ഗതം ചെയ്ത് ബിജെപി കടുത്ത ആക്രമണമാണ് രാഹുലിനെതിരെ നടത്തുന്നത്. കോൺ​ഗ്രസാവട്ടെ ശക്തമായ പ്രതിരോധവുമായി രം​ഗത്തെത്തിക്കഴിഞ്ഞു. 

കോടതിവിധിയിൽ രാഹുൽ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് അദ്ദേഹം തുടരുമെന്നും സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ​ഗാന്ധി പ്രതികരിച്ചു. "ഭരണകൂടവും അതിന്റെ സംവിധാനങ്ങളുമൊന്നാകെ രാഹുൽ ​ഗാന്ധിയുടെ ശബ്ദം എല്ലാ അർത്ഥത്തിലും അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. അദ്ദേഹം അതിൽ ഭയപ്പെട്ടിട്ടില്ല, ഇനി ഭയപ്പെടുകയുമില്ല. സത്യത്തിലധിഷ്ഠിതമായാണ് അദ്ദേഹം ജീവിക്കുന്നത്. സത്യം പറയുന്നത് തുടരുക തന്നെ ചെയ്യും. ജനങ്ങളുടെ ശബ്ദമായി അദ്ദേഹം തുടരും. കോടിക്കണക്കിന് ജനങ്ങളുടെ സത്യവും സ്നേഹവും അദ്ദേഹത്തിനൊപ്പമുണ്ട്". പ്രിയങ്ക പറഞ്ഞു. 

ബിജെപി കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുകയാണ്. ബിജെപി ഒരുവിരൽ മറ്റുള്ളവർക്ക് നേരെ ചൂണ്ടുമ്പോൾ, മറ്റ് നാല് വിരലുകളും അവർക്കുനേരെ തന്നൊണുള്ളതെന്ന് മറക്കരുതെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പ്രതികരിച്ചു. കേന്ദ്രസർക്കാരിന് രാഹുൽ ​ഗാന്ധിയെ ഭയമാണെന്നാണ് കോൺ​ഗ്രസ് എംപി അധിർരഞ്ജൻ ചൗധരി പറഞ്ഞത്.  "അദ്ദേഹത്തെ അടിച്ചമർത്താൻ അവർ ഏതുവിധേനയും നോക്കും. കള്ളക്കേസുകളുണ്ടാക്കാൻ ​ഗൂഢാലോചന നടക്കുന്നുണ്ട്, ഞങ്ങൾക്കറിയാം. രാഹുലിന്റെ ലോക്സഭാ അം​ഗത്വം ഇല്ലാതാക്കാൻ മാസങ്ങളായി ​ഗൂഢാലോചന നടക്കുന്നുണ്ട്. സൂറത്ത് കോടതിയിൽ പുതിയ ജ്ഡജിമാരെ നിയമിച്ചതുപോലും ഇതിന്റെ ഭാ​ഗമായാണ്".  അധിർരഞ്ജൻ ചൗധരി പറഞ്ഞു. 

Read Also: 2 വർഷമല്ല, രാഹുലിന്‍റെ 'വിധി' തീരുമാനിക്കുക 30 ദിവസം! 2013 ലെ വിധി നിർണായകം, പന്ത് സ്പീക്ക‍റുടെ കോർട്ടിലേക്കോ?

 

 

click me!