
ദില്ലി : കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് മാനനഷ്ടക്കേസില്‍ രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷ. രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യം പാര്‍ലമെന്‍റ് അവകാശ സമിതിക്ക് മുന്‍പാകെ ഭരണപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് അയോഗ്യതയിലേക്ക് നയിച്ചേക്കാവുന്ന വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചത്. വിദേശത്ത് നടത്തിയ പ്രസംഗത്തിന് ശേഷം എങ്ങനെയും രാഹുലിനെ പ്രതിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ആക്കം പകരുന്നതാകും കോടതിയുടെ നടപടി.
അപ്രതീക്ഷിത വിധിയെന്നായിരുന്നു രാഹുലിനെതിരായ കോടതി നടപടിയോട് കോണ്‍ഗ്രസിന്‍റെ പ്രതികരണം. കുറ്റക്കാരനാണെന്ന വിധി മേല്‍ക്കോടതി മരവിപ്പിക്കും വരെ രാഹുലിന്‍റെ എംപി സ്ഥാനം തുലാസിലാണ്. ശിക്ഷാവിധിക്ക് പിന്നാലെ നേതാക്കൾ യോഗം ചേര്‍ന്ന് തുടര്‍ നടപടികളെ കുറിച്ച് ആലോചിച്ചു. ഭയപ്പെടില്ലെന്നും ജഡ്ജിമാരെ മാറ്റി രാഷ്ട്രീയമായ അനുകൂല വിധി ബിജെപി സമ്പാദിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു.
മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ, ജാമ്യം അനുവദിച്ചു
അതേ സമയം അദാനി വിവാദത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത് മുതല്‍ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന ആവശ്യം ഭരണപക്ഷം ശക്തമാക്കിയിരുന്നു. തെളിവില്ലാതെ സംസാരിച്ചുവെന്ന വാദമുയര്‍ത്തി രാഹുലിന്‍റെ വിശ്വാസ്തയെ ചോദ്യം ചെയ്തു. രാജ്യത്ത് ജനാധിപത്യം തകര്‍ന്നെന്ന ലണ്ടനിലെ വിമര്‍ശനം പ്രത്യേക സമിതി പരിശോധിച്ച് നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയിലെ പ്രസംഗം ആയുധമാക്കി പീഡനക്കേസില്‍ തെളിവ് തേടി ദില്ലി പൊലീസ് രാഹുലിന് പിന്നാലെ കൂടിയിരിക്കുന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഒരു വിഭാഗത്തെ രാഹുല്‍ അപമാനിച്ചെന്നും പ്രസ്താവന മാനനഷ്മമുണ്ടാക്കുന്നത് തന്നെയാണെന്നും ബിജെപി വാദിക്കുകയാണ്
തട്ടിപ്പുകാർക്കെതിരെ നിലപാട് കടുപ്പിക്കുന്ന തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന വാദം ശക്തമാക്കാൻ രാഹുൽ ഈ വിധി ആയുധമാക്കും. എന്നാൽ 'ചൗക്കീദാർ ചോർ ഹെ' എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രാഹുലിന്‍റെ മുദ്രാവാക്യത്തിന് ഏറ്റ തിരിച്ചടി പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ബിജെപിക്ക് വലിയ ബലം നല്കുകയാണ്.