Asianet News MalayalamAsianet News Malayalam

2 വർഷമല്ല, രാഹുലിന്‍റെ 'വിധി' തീരുമാനിക്കുക 30 ദിവസം! 2013 ലെ വിധി നിർണായകം, പന്ത് സ്പീക്ക‍റുടെ കോർട്ടിലേക്കോ?

അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി  വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരുമെന്നതാണ് മറ്റൊരു കാര്യം

surat court verdict details Rahul Gandhi be disqualified as MP? Ball in Speaker's court asd
Author
First Published Mar 23, 2023, 5:24 PM IST

ദില്ലി: രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം നഷ്ടമാകുമോ? രാഹുലിനെ അയോഗ്യനാക്കുമോ? ക്രിമിനൽ മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇന്ത്യൻ രാഷ്ട്രീയത്തെ നോക്കികാണുന്നവരെല്ലാം ചോദിക്കുന്ന ചോദ്യമിതാണ്. രണ്ട് വർഷത്തെ ശിക്ഷ ലഭിച്ചു എന്നതാണ് രാഹുലിനെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. ശിക്ഷയുടെ കാലാവധി രണ്ട് വർഷത്തിൽ താഴെയായിരുന്നു എങ്കിൽ രാഹുലിനും കോൺഗ്രസ് പാർട്ടിക്കും ആശങ്ക ഉണ്ടാകില്ലായിരുന്നു. 2013 ലെ സുപ്രീംകോടതി വിധി പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസിൽ 2 വർഷത്തെ ശിക്ഷ ലഭിച്ചാൽ എം പി, എം എൽ എ സ്ഥാനത്തിന് അയോഗ്യതയാകും. എന്നാൽ തത്കാലം രാഹുലിന് ആശ്വാസത്തിന് വകയുണ്ടെന്ന വിലയിരുത്തലുകൾ. കാരണം ശിക്ഷ വിധിച്ച കോടതി തന്നെ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുലിന്‍റെ 'വിധി' തീരുമാനിക്കുക ഈ 30 ദിവസത്തിന് ശേഷമായിരിക്കും. അപ്പീലുമായി മേൽക്കോടതിയിലേക്ക് പോകുമ്പോൾ അവിടെ എന്താകും തീരുമാനം എന്നതാണ് രാഹുലിന്‍റെ പാർലമെന്റ് അംഗ്വത്തത്തിലെ വിധി തീരുമാനിക്കുക.

രാഹുൽ ഗാന്ധിക്ക് വമ്പൻ സ്വീകരണമൊരുക്കാൻ കോൺഗ്രസ്; ദില്ലിയിൽ നേതാക്കളും എംപിമാരും പ്രവർത്തകരും സ്വീകരിക്കും

എന്നാൽ മുതിർന്ന സർക്കാർ ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത അടക്കമുള്ളവർ 2013 ലെ വിധി ചൂണ്ടികാട്ടി പന്ത് സ്പീക്കറുടെ കോർട്ടിലാണെന്നാണ് പറയുന്നത്. ക്രിമിനൽ മാനനഷ്ടക്കേസിൽ 2 വർഷത്തെ ശിക്ഷ ലഭിച്ചതോടെ രാഹുലിന്‍റെ അംഗത്വത്തിന് അയോഗ്യത കൽപ്പിക്കാൻ സ്പീക്കർക്ക് സാധിക്കും എന്നാണ് കാഞ്ചൻ ഗുപ്ത ട്വിറ്ററിൽ കുറിച്ചത്. ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധി പ്രകാരം 'ക്രിമിനൽ കുറ്റകൃത്യത്തിന് കുറഞ്ഞത് 2 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഏതെങ്കിലും എം പി, എം എൽ എ അല്ലെങ്കിൽ എം എൽ സിക്ക് ഉടൻ തന്നെ സഭയിലെ അംഗത്വം നഷ്‌ടപ്പെടുമെന്നും' അദ്ദേഹം ചൂണ്ടികാട്ടുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാം എന്നാണ് കാഞ്ചൻ ഗുപ്ത പറയുന്നത്.

 

എന്നാൽ രാഹുലിന്‍റെ അപ്പീലിൽ മേൽക്കോടതി എന്ത് പറയുന്നു എന്നത് നോക്കിയാകും നടപടിയെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. അയോഗ്യത ഭിഷണിയിൽ ഹൈക്കോടതി എടുക്കുന്ന നിലപാടാകും രാഹുലിന് ഏറ്റവും നിർണ്ണായകമാകുക. വിധി പൂർണ്ണമായി സ്റ്റേ ചെയ്തില്ലെങ്കിൽ അയോഗ്യത ഉറപ്പാണ്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവാണ് ഇപ്പോൾ കോടതി നല്കിയിരിക്കുന്നത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഒരുങ്ങും.

തല്ക്കാലം കുറ്റം ചെയ്തെന്ന വിധി കോടതി അപ്പീൽ നല്കാനായി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാൽ ഉടൻ രാഹുൽ അയോഗ്യനാകില്ല. അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി  വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരുമെന്നതാണ് മറ്റൊരു കാര്യം. അതിനാൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുലിന് നിർണ്ണായകമാകും. അതായത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇനി ഈ വിധി വലിയ സമ്മർദ്ദമായി തുടരുക തന്നെ ചെയ്യുമെന്നുറുപ്പ്.

Latest Videos
Follow Us:
Download App:
  • android
  • ios