
ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്നായിരിക്കും കര്‍ണാടകയില്‍ ജെഡിഎസ് മത്സരിക്കുകയെന്നും എന്നാല്‍ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ഉള്‍പ്പെടെ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യം ചേരുമെന്നും നാലു സീറ്റില്‍ ജെഡിസ് മത്സരിക്കുമെന്നും ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ തള്ളി കുമാരസ്വാമി രംഗത്തെത്തിയത്. സഖ്യമുണ്ടാകുമെന്ന കാര്യം കുമാരസ്വാമി സ്ഥിരീകരിച്ചെങ്കിലും സീറ്റുകള്‍ സംബന്ധിച്ച് ധാരണയായെന്ന യെദിയൂരപ്പയുടെ പ്രസ്തവാന വ്യക്തിപരമാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
യെദിയൂരപ്പ പറഞ്ഞത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. രണ്ടോ മൂന്നോ തവണ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ശരിയാണ്. സീറ്റ് വിഭജനത്തിലോ മറ്റു വിഷയങ്ങളിലോ ചര്‍ച്ച നടന്നിട്ടില്ല. എന്താണ് സംഭവിക്കുകയെന്ന് കണ്ടറിയാം. ബിജെപിയുമായി ചേര്‍ന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പാകെ പോകാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. ഇപ്പോഴത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അവര്‍ക്ക് ഒരു ബദല്‍ ആവശ്യമാണ്. 2006ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി. അന്ന് മുഖ്യമന്ത്രിയായി 20മാസം പ്രവര്‍ത്തിച്ചതിലൂടെയാണ് തനിക്ക് സല്‍പേര് ലഭിച്ചത്-കുമാരസ്വാമി പറഞ്ഞു.
ലോക് സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ജെഡിഎസും ബിജെപിയും സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സഖ്യം സംബന്ധിച്ച യെദിയൂരപ്പയുടെ സ്ഥിരീകരണം വരുന്നത്. ജെഡിഎസ് നാലു സീറ്റില്‍ മത്സരിക്കുമെന്നും ബാക്കിയുള്ള 24 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുമെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.
More stories...ലോക്സഭ തെരഞ്ഞെടുപ്പിന് പടയൊരുക്കം; കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യം, ബിജെപിയുടെ ഓഫര്‍ ഇങ്ങനെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam