ജി20 അത്താഴ വിരുന്നിന് ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; ജനാധിപത്യമില്ലാത്തിടത്തേ ഇത് സംഭവിക്കൂ എന്ന് കോണ്‍ഗ്രസ്

Published : Sep 09, 2023, 12:09 PM ISTUpdated : Sep 09, 2023, 12:16 PM IST
ജി20 അത്താഴ വിരുന്നിന് ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; ജനാധിപത്യമില്ലാത്തിടത്തേ ഇത് സംഭവിക്കൂ എന്ന് കോണ്‍ഗ്രസ്

Synopsis

ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ, അതായത് ഭാരതം എത്തിയിട്ടില്ലെന്ന് താൻ കരുതുന്നുവെന്ന് പി ചിദംബരം

ദില്ലി: ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിലേക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി എംപി, പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ എന്നാണ് ചിദംബരത്തിന്‍റെ വിമര്‍ശനം.

ലോകനേതാക്കള്‍ക്കുള്ള അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത ജനാധിപത്യ രാജ്യമെന്നത് മറ്റെവിടെയും സങ്കല്‍പ്പിക്കാനാവില്ലെന്ന് ചിദംബരം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ഇത് സംഭവിക്കൂ. ജനാധിപത്യവും പ്രതിപക്ഷവും ഇല്ലാതാകുന്ന ഘട്ടത്തിലേക്ക് ഇന്ത്യ, അതായത് ഭാരതം എത്തിയിട്ടില്ലെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ചിദംബരം കുറിച്ചു.

ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന്‍റെ നേതാവിനെ കേന്ദ്ര സര്‍ക്കാര്‍ വിലമതിക്കുന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും എന്തുതരം ചിന്താഗതിയാണെന്നും ജനങ്ങള്‍ ചിന്തിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ പര്യടനത്തിനിടെ ബ്രസല്‍സിലാണ് രാഹുലിന്‍റെ പ്രതികരണം. 

പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മാനിക്കണം. ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൽ പ്രതിപക്ഷ നേതാക്കൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജി20 ഉച്ചകോടിയുടെ ഉദ്ഘാടന ദിവസമായ ഇന്ന് ദില്ലിയിലെ ഭാരത് മണ്ഡപത്തിലെ ഹാളിൽ പ്രസിഡന്റ് ദ്രൗപതി മുർമുവാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്‌ ഡി ദേവഗൗഡ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്. അതേസമയം  മുകേഷ് അംബാനി, ഗൌതം അദാനി ഉള്‍പ്പെടെ 500 വ്യവസായികളെ വിരുന്നിലേക്ക് ക്ഷണിച്ചെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു