
കൊൽക്കത്ത: ബിജെപി നേതാവിന്റെ വളര്‍ത്തുമകൻ കൊൽക്കത്തയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ 26കാനായ വളര്‍ത്തുമകൻ ശ്രീഞ്ജയ് ദാസ്ഗുപ്തയാണ് മരിച്ചത്. ദിലീപ് ഘോഷ് വിവാഹം ചെയ്ത റിങ്കു മജുംദാറിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ശ്രീഞ്ജയ് ദാസ് ഗുപ്ത. ഇരുവരുടേയും വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പാണ് ശ്രീഞ്ജയിയുടെ മരണം.
ന്യൂ ടൗണിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ശ്രീഞ്ജയ് ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ശ്രീഞ്ജയും അമ്മ റിങ്കുവും ന്യൂ ടൗൺ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം റിങ്കു ദിലീപ് ഘോഷിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ രാത്രി ശ്രീഞ്ജയുടെ കാമുകി റിങ്കുവിനെ വിളിച്ച് ശ്രീഞ്ജയ്ക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. റിങ്കു ന്യൂ എത്തി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദുരൂഹതകളില്ലെന്നും 'അക്യൂട്ട് ഹെമറാജിക് പാൻക്രിയാറ്റൈറ്റിസ്' മൂലമാണ് ശ്രീഞ്ജയ് മരിച്ചതെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടിൽ പറയുന്നു. കഠിനമായ പാൻക്രിയാറ്റിസിന്റെ ഒരു രൂപമാണിത്. ശ്രീഞ്ജയ്ക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും മരുന്നുകൾ കഴിച്ചിരുന്നെന്നും റിങ്കു മജുംദാർ മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഫ്ലാറ്റിൽ നിന്ന് മാറിയതിന് ശേഷം അവൻ സമ്മർദ്ദത്തിലായിരുന്നു. അവൻ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും മരുന്നുകളുടെ ഡോസുകൾ ഒഴിവാക്കിയിരുന്നുവെന്നും എനിക്ക് മനസ്സിലായി. എന്നാൽ ഇത് അവൻ എന്നോട് പറഞ്ഞിരുന്നില്ല, പക്ഷേ ഒരു അമ്മ എന്ന നിലയിൽ അവൻ അസ്വസ്ഥനാണെന്ന് എനിക്ക് മനസ്സിലായി. ശ്രീഞ്ജയെ തനിക്കൊപ്പം താമസിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. വിവാഹത്തിന് ശേഷം അസ്വസ്ഥനാണെന്ന് അവൻ എന്നോട് പറഞ്ഞിരുന്നില്ല.
അവന്റെ സുഹൃത്തുക്കളാണ് അവനെ എന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടത്. നിങ്ങളെല്ലാം വീട്ടിൽ പോകുമ്പോൾ മാതാപിതാക്കളെ കാണുന്നു. പക്ഷെ തനിക്ക് അതില്ലെന്നും അവൻ അവരോട് പറയുമായിരുന്നു. മാതൃദിനത്തിൽ അവൻ തന്നെ വന്ന് കാണുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. 'മകൻ ഞങ്ങളോടൊപ്പം താമസിക്കണം, അല്ലെങ്കിൽ ഞാൻ അവനോടൊപ്പം പോയി താമസിക്കണം എന്ന് ദിലീപ് ഘോഷിനോട് പറയാൻ ഞാൻ തീരുമാനിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, രണ്ടുപേര‍് ഫ്ലാറ്റിൽ തിങ്കളാഴ്ച സന്ദര്‍ശിച്ചതായി കണ്ടെത്തി. ഇരുവരും ശ്രീഞ്ജയുടെ സഹപ്രവർത്തകരാണ്. ഒരാൾ അടുത്ത സുഹൃത്താണ്. മറ്റയാൾ കാമുകിയും ഭാവി വധുവും ആയ പെൺകുട്ടിയാണെന്നും പൊലീസ് വ്യക്തമാക്കി. ശ്രീഞ്ജയ് ഒരു ഊർജ്ജസ്വലനായിരുന്നുവെന്നും താനുമായി വലിയ അടുപ്പം പുലർത്തിയിരുന്നുവെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഞാൻ വളരെ ദൗർഭാഗ്യവാനാണ്. ഒരു മകന്റെ സന്തോഷം ഞാൻ ഒരിക്കലും അനുഭവിച്ചിരുന്നില്ല, പക്ഷേ ഇന്ന് ഞാൻ ഒരു മകനെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ബിജെപി എംപിയും ബംഗാൾ പാർട്ടി അധ്യക്ഷനുമായ ദിലീപ് ഘോഷ്, ബിജെപിയുടെ വനിതാ വിഭാഗത്തിലെ അംഗമായ റിങ്കു മജുംദാറിനെ ഏപ്രിൽ 18-നാണ് വിവാഹം കഴിച്ചത്.