
ന്യൂഡൽഹി: സിജെപി ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വൻ പരാജയമാണെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾ സൃഷ്ടിച്ച 'പാറ്റ പാർട്ടി'യുടെ മഹാപ്രക്ഷോഭത്തിൽ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ വന്നുപോയവർ ആകെ എണ്ണൂറോളം പേർ മാത്രമാണെന്നും, ഒരു സമയം ഏകദേശം നൂറ്റമ്പത് പേർ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഇത് വസ്തുതയല്ലെങ്കിൽ മിനിറ്റ് ടു മിനിറ്റ് ദൃശ്യങ്ങൾ പുറത്തുവിടാമെന്നും, അണ്ണാ ഹസാരെ മുതൽ രാജ്യം ഇത്തരം എത്രയോ 'മഹാസംഭവങ്ങൾ' കണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. അതേസമയം, നവമാധ്യമങ്ങളിലെ പിന്തുടർച്ചക്കാരുടെ എണ്ണത്തിനടുത്ത് ആളുകൾ എത്തിയില്ലെങ്കിലും, സിജെപിയുടെ ആഹ്വാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ ദേശീയപതാകയേന്തി ജന്തർമന്തറിൽ ഒത്തുകൂടിയിരുന്നു. സിജെപിയുടെ പാറ്റ ചിഹ്നമുള്ള ടീഷർട്ട് ധരിച്ചാണ് പ്രതിഷേധക്കാർ എത്തിയത്. ദില്ലിക്ക് പുറമെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ, തമിഴ്നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച പരിപാടിക്ക് പൂർണ്ണ പിന്തുണയുമായി എസ്എഫ്ഐ , എഐഎസ്എഫ് തുടങ്ങിയ ഇടതുവിദ്യാർത്ഥി സംഘടനകളും അണിനിരന്നു. പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കി.
സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് കാത്ത് രാവിലെ മുതൽ തന്നെ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. സോഷ്യൽ മീഡിയയിലെ പിന്തുണയനുസരിച്ച് വലിയൊരു ജനക്കൂട്ടത്തെ നേരിട്ടെത്തിക്കാൻ സിജെപിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ രാജ്യത്ത് ഉയരുന്ന യുവരോഷത്തിന്റെ പ്രതീകമായി ഈ ജന്തർമന്തർ പ്രതിഷേധം മാറിയിരിക്കുകയാണ്. പ്രതിഷേധത്തിനിടെ ജയ് ശ്രീറാം വിളിച്ച് സിജെപിയെ എതിർക്കാൻ എത്തിയ ഒരു സംഘത്തെ പോലീസ് സ്ഥലത്തുനിന്ന് നീക്കി. പ്രതിഷേധക്കാർക്ക് നേരെ പ്രകോപനമുണ്ടായാൽ അത് സമരത്തിന് കൂടുതൽ ഊർജ്ജമാകുമെന്ന് കണ്ട് പോലീസ് ഇവരെ തടയുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam