നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നിരാഹാര സമരം ചെയ്യുന്ന സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ സിജെപി അഭ്യർത്ഥിച്ചു. രാജ്യത്തിന് അദ്ദേഹത്തെ ഇനിയും ആവശ്യമുണ്ടെന്നും ആരോഗ്യം മോശമാവുകയാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കുമായി സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സി ജെ പി നേതൃത്വം. ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അദ്ദേഹത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും, ഈ പോരാട്ടത്തിൽ രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി ജെ പി നേതാവ് അഭിജിത് ദീപ്കെ പ്രതികരിച്ചു. വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച നേതാക്കൾ, ധർമ്മേന്ദ്ര പ്രധാന്‍റെ രാജി കേന്ദ്രം ചോദിച്ച് വാങ്ങണമെന്നും ആവശ്യപ്പെട്ടു. ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.

കേന്ദ്രം - സി ജെ പി ചർച്ചക്ക് സാധ്യത മങ്ങുന്നു

അതേസമയം സി ജെ പി - കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചക്ക് പോകില്ലെന്ന് സി ജെ പി വക്താക്കൾ അറിയിച്ചു. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പൊലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ചർച്ചയ്ക്ക് സാധ്യത ഇല്ലെന്നും സി ജെ പി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. ചർച്ചക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദിയും പ്രതിഷേധക്കാർ നിർദേശിച്ചു. എന്നാൽ കേന്ദ്രം ഇതിന് തയാറാകുന്നില്ല. നിഷ്പക്ഷമായ വേദിയിൽ മാത്രമേ തങ്ങൾ ചർച്ചക്ക് എത്തു എന്നും അദ്ദേഹം സൗരവ് ദാസ് കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാർലമെന്‍റിൽ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍ രം​ഗത്തെത്തി. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ചർച്ചക്ക് സന്നദ്ധത അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസും പ്രതിഷേധവും നിലപാട് കടുപ്പിച്ചു. മന്ത്രി സ്ഥാനത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ തുടരുന്ന സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

YouTube video player