
വാരാണസി: ബിജെപി പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹൗസിങ് സൊസൈറ്റിയിലെ അനധികൃത നിർമാണം ജില്ലാ ഭരണകൂടം വ്യാഴാഴ്ച ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി. ബിജെപി നേതാവിന്റെ അനധികൃത നിർമാണത്തിനെതിരെ സൊസൈറ്റിയിലെ രണ്ട് വനിതകൾ അധികൃതർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഖണ്ഡ് സിംഗ് എന്ന സത്യപ്രകാശ് സിംഗ് സൊസൈറ്റിയുടെ ഭൂമി കൈയേറിയെന്നാരോപിച്ചാണ് ഇവർ പരാതി നൽകിയത്. സംഭവത്തിൽ അധികൃതർ കേസെടുത്തു.
സിക്രൗളിലെ വരുണ എൻക്ലേവ് സൊസൈറ്റിയിലെ അനധികൃത നിർമാണമാണ് അതോറിറ്റി വൈസ് ചെയർമാനും വാരാണാസി ഡവലപ്‌മെന്റ് അതോറിറ്റി (വിഡിഎ) സോണൽ ഓഫീസറുമായ പർമാനന്ദ് യാദവിന്റെ നിർദേശപ്രകാരം പോലീസിന്റെയും അതോറിറ്റി അധികൃതരുടെയും സാന്നിധ്യത്തിൽ പൊളിച്ചുനീക്കിയത്. വരുണ എൻക്ലേവ് സൊസൈറ്റിയുടെ ഒരു ഭാഗം അനധികൃതമായി കൈയേറിയാണ് മുറി നിർമിച്ചതെന്നും ഇതിനെതിരെ ജൂൺ ആദ്യവാരം അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെന്നും വിഡിഎ വൈസ് ചെയർപേഴ്‌സൺ ഇഷ ദുഹാൻ പറഞ്ഞു.
അതോറിറ്റിയുടെ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. നിർമാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുനീക്കാൻ ഉത്തരവിട്ടു. നേരത്തെ കോളനി ഗേറ്റുള്ള സ്ഥലത്താണ് ബിജെപി നേതാവ് ഓഫീസ് തുറന്നതെന്ന് ആരോപിച്ച് റോഡ് വീതി കൂട്ടുന്നതിനിടെ സൊസൈറ്റിയുടെ അതിർത്തി ഭിത്തി പൊളിക്കേണ്ടി വന്നതായും പിന്നീട് അഖണ്ഡ് സിംഗ് ഈ ഭൂമിയിൽ ഓഫീസ് ഉണ്ടാക്കിയതായും പരാതിക്കാർ പറഞ്ഞു. ശ്രീകാന്ത് ത്യാഗിക്കെതിരായ യോഗി സർക്കാരിന്റെ നടപടിയാണ് ബിജെപി നേതാവിനെതിരായ പ്രതിഷേധത്തിന് പ്രചോദനമായതെന്ന് സൊസൈറ്റിയിലെ പരാതിക്കാർ പറഞ്ഞു. ബിജെപി പ്രവർത്തകനായിരുന്ന ശ്രീകാന്ത് ത്യാഗി നോയിഡ സൊസൈറ്റിയിൽ നിർമ്മിച്ച അനധികൃത നിർമ്മാണങ്ങൾ അധികൃതർ ബുൾഡോസർ ചെയ്തു.
ബിജെപി നേതാവ് അനധികൃത നിർമാണം നടത്തിയ സ്ഥലം വികസന അതോറിറ്റി ഓഫീസിനോട് ചേർന്നാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അജയ് റായ് പറഞ്ഞു. ഇതുവരെ ഒരു ഉദ്യോഗസ്ഥനോ ബിജെപി നേതാക്കളോ ഇത് പരിശോധിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പ്രതിഷേധം തുടങ്ങിയതോടെയാണ് നടപടി സ്വീകരിച്ചതെന്നും റായ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam