
ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ ആർമി ക്യാമ്പിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ ഒരു സൈനികൻ കൂടി വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നിഷാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. അതേസമയം ഈ ഭീകരാക്രമണത്തിന് പിന്നിൽ അതിർത്തി കടന്നെത്തിയ ഭീകരരുടെ ഇടപെടൽ സൈന്യം സംശയിക്കുന്നുണ്ട്.
ആക്രമണം നടന്ന സ്ഥലത്ത് എൻ ഐ എ സംഘം പരിശോധന നടത്തി. മറ്റ് ഏജൻസികൾക്കൊപ്പം എൻ ഐ എയും ആക്രമണത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ ചുമതല എൻഐഎ പൂർണമായി ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സൈനിക ക്യാംപിലേക്ക് ഇന്ത്യൻ സൈനികരുടെ വേഷത്തിലാണ് ഭീകരർ കടന്നു കയറാൻ ശ്രമിച്ചത്. കനത്ത സുരക്ഷ നിലനിൽക്കുന്ന പ്രദേശത്ത് വൻ ആക്രമണം നടത്താനാണ് ഇവർ ലക്ഷ്യമിട്ടത്. ഇവരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അതിർത്തി രക്ഷാ സേനയിലെ നാല് ധീര ജവാന്മാർ വീരമൃത്യു വരിച്ചത്.
ഇന്ന് പുലർച്ചെയാണ് രജൗരി സെക്ടറിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ഇന്ത്യൻ സൈനികർ തിരിച്ചടിച്ചു. ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും, ഇത് തടയാൻ സൈനികർ വെടിയുതിർക്കുകയുമായിരുന്നു എന്നാണ് എ ഡി ജി പി മുകേഷ് സിങ് വ്യക്തമാക്കിയത്.
ഭീകരർ പ്രത്യാക്രമണം തുടങ്ങിയതോടെ അതിരൂക്ഷമായ ഏറ്റുമുട്ടലിലേക്ക് സ്ഥിതി മാറി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്മണൻ ഡി എന്നിവർ രാവിലെ തന്നെ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഓഫീസർ റാങ്കിലുള്ള സൈനികൻ അടക്കം അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam