
ഭോപ്പാല്‍: കൊവിഡ് 19 മഹാമാരി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശ് അസംബ്ലി പ്രോ ടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയുടേതാണ് വിവാദ പരാമര്‍ശം. രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതോടെ കൊറോണ വൈറസിന്‍റെ അവസാനത്തിന് തുടക്കമാവുമെന്ന് രാമേശ്വര്‍ ശര്‍മ്മ വിശദമാക്കിയതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്.
ദുഷ്ടശക്തികളെ നശിപ്പിക്കാനായും മനുഷ്യവംശത്തിന്‍റെ രക്ഷയ്ക്കായുമാണ് ശ്രീരാമന്‍ അവതാരമെടുത്തത്. രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങുന്ന മുറയ്ക്ക് വൈറസിനും അന്ത്യമാകും. ഇന്ത്യയെ മാത്രമല്ല ലോകം മുഴുവനെയും കൊറോണ വൈറസ് അലട്ടുകയാണ്. സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം ദൈവങ്ങളെയും നാം മുറുകെപ്പിടിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീം കോടതിയാണ് ഉത്തരവിട്ടതെന്നും രാമേശ്വര്‍ ശര്‍മ്മ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന് പ്രധാനമന്ത്രിയാണ് തറക്കല്ലിടുക.
സാമൂഹ്യ അകലം പാലിച്ച് 200ല്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രെസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി വിശദമാക്കിയത്. അമിത് ഷാ, രാജ്നാഥ് സിംഗ്, മോഹന്‍ ഭാഗവത്, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍ തുടങ്ങിയ നേതാക്കളെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. വലിയ രീതിയിലുളള ഒരുക്കങ്ങളാണ് രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്നത്. 40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണ് തറക്കല്ലിടല്‍ ചടങ്ങിന് ഉപയോഗിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam