
കോയമ്പത്തൂർ: ബീഫ് വിൽക്കുന്നതിനെതിരെ കോയമ്പത്തൂർ ഉദയംപാളയത്തെ തട്ടുകടയിലെത്തി ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. കട നടത്തുന്ന ആബിദയെയും ഭർത്താവ് രവിയെയും പ്രദേശത്തെ ബിജെപി നേതാവ് സുബ്രഹ്മണി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സ്‌കൂളും ക്ഷേത്രവും അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ബീഫ് വിൽക്കാനാകില്ലെന്നാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.
പ്രദേശവാസികൾ ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നാണ് സുബ്രഹ്മണി കട ഉടമകളോട് പറഞ്ഞത്. പ്രദേശവാസിയും സിപിഎം കൗൺസിലറുമായ രാമമൂർത്തിയും തീരുമാനത്തിന്റെ ഭാഗമെന്നും ബിജെപി നേതാവ് പറയുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം അംഗീകരിക്കില്ലെന്ന് കടയുടമയായ ആബിദ നിലപാടെടുത്തു. തൻ്റേത് മാത്രമല്ല സമീപത്ത് മാംസാഹാരം വിൽക്കുന്ന ഏഴ് കടകളുണ്ടെന്നും ഇവർ വ്യക്തമാക്കി. ആബിദയെ സുബ്രഹ്മണി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തായി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുബ്രമണിക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ സുബ്രഹ്മണി ആരോപിച്ചത് പോലെ സിപിഎം കൗൺസിലർക്കോ നാട്ടുകാർക്കോ ഈ സംഭവവുമായി ബന്ധമുണ്ടോയെന്നത് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam