
കൊൽക്കത്ത: കൊവിഡ് 19 ബാധയെ കൈകാര്യം ചെയ്യുന്നതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ വീടുകളിൽ കുത്തിയിരിപ്പ് സമരം നടത്തി. കൊവിഡ് 19 ബാധിതരുടെ കണക്കിൽ സർക്കാർ കൃത്രിമം കാണിക്കുന്നുവെന്നും രോഗബാധയെ പ്രതിരോധിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണന്നും ബിജെപി നേതാക്കൾ ആരോപിച്ചു. പശ്ചിമ ബംഗാൾ ബി.ജെ.പി മേധാവി ദിലീപ് ഘോഷ് കൊൽക്കത്തയിലെ വീട്ടിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ധർണ്ണ ആചരിച്ചു. പാർട്ടി നേതാക്കളായ ബാബുൽ സുപ്രിയോ, മുകുൾ റോയ്, ലോകേത് ചാറ്റർജി എന്നീ നേതാക്കളും അവരുടെ വീടുകളിലിരുന്ന് പ്രതിഷേധിച്ചു.
'പശ്ചിമ ബംഗാളിൽ കോവിഡ് -19 ബാധയെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു. ജനങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതില്‍ പോലും അഴിമതിയാണ്.' ദിലിപ് ഘോഷ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതിഗതികൾ കൈവിട്ടുപോവുകയാണെന്നും രോഗബാധ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനു പകരം വസ്തുതകൾ മറച്ചുവെക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കളും തൊഴിലാളികളും സ്വതന്ത്രമായി സഞ്ചരിക്കുമ്പോൾ തങ്ങളെ വീടുകളിൽ ഒതുക്കി നിർത്തിയതായി ബിജെപി എംപിമാർ ആരോപിച്ചു.
പ്രാദേശിക ഭരണകൂടം ക്വാറന്റൈൻ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പുറത്തിറങ്ങാനോ ജനങ്ങൾക്ക് ആവശ്യമായ റേഷനോ മറ്റ് അവശ്യവസ്തുക്കളോ നൽകാൻ സാധിക്കുന്നില്ലെന്നും ബിജെപി എംപിമാർ പറയുന്നു. പശ്ചിമബംഗാളിലെ പാർട്ടിയുടെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ മധ്യപ്രദേശിലെ വീട്ടിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. ലോക്ക് ഡൗൺ നിയമങ്ങൾ എല്ലാം പാലിച്ചാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ലോക്ക് ഡൗണിൽ പെട്ട് കഷ്ടപ്പെടുന്ന പാവപ്പെട്ടവരെ സഹായിക്കാൻ മമത സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ 461 കൊവിഡ് 19 കേസുകളുണ്ട്. സംസ്ഥാനത്ത് 20 പേർ മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam