
ബെംഗളുരു: കർണ്ണാടകത്തിൽ യെദിയൂരപ്പ സർക്കാർ ഭൂരിപക്ഷം തൊടുമ്പോ, ഇരുപത് മാസം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് താത്കാലികമായി തിരശീല വീഴുകയാണ്. ഉപതെരഞ്ഞെടുപ്പ് ജയം ആശ്വാസമായ ബിജെപിക്ക് ഇനി വെല്ലുവിളി ,പാളയത്തിലുണ്ടായേക്കാവുന്ന വിമതസ്വരങ്ങളാവും. ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ പന്ത്രണ്ടിടത്തും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിലുള്ളത്. കോൺഗ്രസ് രണ്ടിടത്ത് മാത്രമാണ് മുന്നിൽ നിലവിൽ ജെഡിഎസ് ഒരു സീറ്റിലും മുന്നിലില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മറ്റൊരു ഇടത്ത് മുന്നിലുള്ളത്.
പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ആറ് സീറ്റെങ്കിലും ഭരണം നിലനിർത്താൻ വേണ്ടിയിരുന്ന ബിജെപി ഇതോടെ ഭരണ സ്ഥിരത ഉറപ്പിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടന്നതിൽ പന്ത്രണ്ട് മണ്ഡലങ്ങൾ കോൺഗ്രസിന്‍റെയും മൂന്നെണ്ണം ജെഡിഎസിന്‍റെയും സിറ്റിങ് സീറ്റുകളായിരുന്നു. വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമായിരുന്നു കോൺഗ്രസ് അവകാശവാദം. എന്നാൽ ഇത് വെറും വാക്കാവുന്ന കാഴ്ചയാണ് ഫലസൂചനകൾ പുറത്തുവരുമ്പോൾ കാണാനാവുന്നത്.
മൂന്ന് സർക്കാരുകളുടെ സത്യപ്രതിജ്ഞയാണ് അടുത്തടുത്ത് കർണാടകം കണ്ടത്. യെദിയൂരപ്പ, പിന്നെ കുമാരസ്വാമി, വീണ്ടും യെദിയൂരപ്പ. വിശ്വാസവോട്ട് തോറ്റ് രണ്ട് ദിവസം കൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്ന ആദ്യ ഊഴത്തിന് ശേഷം, സഖ്യസർക്കാരിനെ വീഴ്ത്തി വീണ്ടും അധികാരമേറ്റ യെദിയൂരപ്പക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒടുവിൽ ഇരിപ്പുറയ്ക്കുന്നു. 17 എംഎൽഎമാരെ രാജിവപ്പിച്ച് നടത്തിയ നീക്കം വിജയിക്കുന്നുവെന്ന് തന്നെ ഇനി പറയാം.
കേവല ഭൂരിപക്ഷമുളള ഒറ്റക്കക്ഷി കർണാടകം ഭരിക്കുന്നു. മൂന്നര വർഷത്തേക്ക് രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയ യെദിയൂരപ്പക്ക് ഇനി വെല്ലുവിളി സ്വന്തം ക്യാമ്പിലെ തർക്കങ്ങളാവും. മന്ത്രിസ്ഥാനം വിമതർക്ക് വാഗ്ദാനം ചെയ്തുകഴിഞ്ഞു. വലിയ നിര നേതാക്കൾ ബിജെപിയിൽ മന്ത്രിമാരാവാൻ കാത്തിരിക്കുന്നു. എല്ലാ വിലപേശലുകളെയും അതിജീവിക്കുന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്‍റെ പോക്ക്. കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലോടെ വിഭാഗീയ നീക്കങ്ങൾ പ്രകടമായ കർണാടക ബിജെപിയിൽ, നേതാവ് താൻ തന്നെയെന്ന് ഉറപ്പിക്കുക കൂടിയാണ് യെദിയൂരപ്പ.
സഖ്യസർക്കാരിനെ മറിച്ചിട്ട വിമതരുടെ ജയം കോൺഗ്രസിന് വൻ നിരാശയായി. ബിജെപി കേവലഭൂരിപക്ഷത്തിലെത്തിയില്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാനുളള ആലോചനകൾ പാർട്ടി തുടങ്ങിയിരുന്നു. അത് വെറുതെയായി. സിദ്ധരാമയ്യ,ഡി കെ ശിവകുമാർ, ജി പരമേശ്വര ഗ്രൂപ്പുകളുണ്ടാക്കിയ വിഭാഗീയ പ്രശ്നങ്ങളും വിമതർ കൂറുമാറിയപ്പോഴുണ്ടായ സംഘടനാ ദൗർഭല്യവും കോൺഗ്രസിന് തിരിച്ചടിയായി. പ്രചാരണം നയിച്ച സിദ്ധരാമയ്യയയുടെ പ്രതിപക്ഷ നേതൃപദവി ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഡി കെ ശിവകുമാറിന് വേണ്ടിയുളള മുറവിള ശക്തമാകും. ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന എംഎൽഎമാരെ പിടിച്ചുനിർത്താനുളള പെടാപ്പാടാകും കോൺഗ്രസിനൊപ്പം ജെഡിഎസിനും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam