
ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിർണായക മുന്നേറ്റം. 48 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 55 സീറ്റുമായി ടിആർഎസാണ് ഒന്നാമതെങ്കിലും ശക്തികേന്ദ്രങ്ങളടക്കം ബിജെപി പിടിച്ചെടുത്തു. ഭരണം നിലനിർത്താന്‍ എഐഎംഐഎം ടിആർഎസിനെ പിന്തുണച്ചേക്കും. 44 സീറ്റുകളാണ് എഐഎംഐഎം നേടിയത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, കഴിഞ്ഞ തവണ 99 സീറ്റുകളില്‍ വിജയിച്ച ടിആർഎസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറിയാണ് ബിജെപിയുടെ മുന്നേറ്റം.
കേവലം 4 സീറ്റില്‍നിന്നാണ് തെലങ്കാന ഹൃദയഭൂമിയില്‍ പത്തിരട്ടിയലധികം സീറ്റ് നേടിയുള്ള ബിജെപിയുടെ കുതിപ്പ്. സെക്കന്ദരാബാദ് എല്‍ബി നഗർ മേഖലയിലാണ് ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകൾ നേടിയത്. അതേസമയം പരമ്പരാഗത വോട്ട് ബാങ്കായ ചാർമിനാർ മേഖല തൂത്തുവാരി അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം നിർണായക പ്രകടനം കാഴ്ചവച്ചു.
ചുരുക്കത്തില്‍ നഷ്ടമെല്ലാം ടിആർഎസിന് മാത്രം. കേന്ദ്രമന്ത്രിമാരുടെ പടയെ പ്രചാരണത്തിനിറക്കിയുള്ള അമിത്ഷായുടെ തന്ത്രങ്ങൾ പിഴച്ചില്ല. കോർപ്പറേഷന്‍ ഭരണം നിലനിർത്താന്‍ എഐഎംഐഎം ടിആർഎസിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകൾ. മേയറെ തിരഞ്ഞെടുക്കാന്‍ രണ്ടുമാസം ശേഷിക്കെ പാർട്ടിയില്‍ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ടിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് കെ ടി രാമറാവു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam