2019ൽ ബിജെപി തോറ്റ മണ്ഡലങ്ങളിലേക്ക് മോദിയെത്തുന്നു; വമ്പന്‍ മാസ്റ്റര്‍ പ്ലാനുമായി ബിജെപി

By Web TeamFirst Published Oct 9, 2022, 7:49 PM IST
Highlights

ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ബാക്കിയുള്ള 104 സീറ്റുകളിൽ പാർട്ടിക്കായി യാത്ര ചെയ്യുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും

ദില്ലി: അടുത്ത ലോക്സഭ തെര‍ഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപി തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 144 ലോക്സഭ മണ്ഡലങ്ങളിലായി 40 റാലികള്‍ നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയറിഞ്ഞ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ റാലി നടത്തുക.

ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ബാക്കിയുള്ള 104 സീറ്റുകളിൽ പാർട്ടിക്കായി യാത്ര ചെയ്യുകയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. ലോക്‌സഭാ പ്രവാസ് യോജനയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ രാജ്യത്തുടനീളം ദുർബലമായതോ നഷ്ടപ്പെട്ടതോ ആയ ലോക്‌സഭാ സീറ്റുകളിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 40 റാലികൾ നടത്താനാണ് ബിജെപി പദ്ധതിയിട്ടിട്ടുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ സ്വാധീനമുള്ള നേതാക്കളുമായി സ്ഥിരമായി ചർച്ചകൾ നടത്തുകയും അതോടൊപ്പം തന്നെ പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുടെ ഉള്‍പ്പെടെ അതൃപ്തി പരിഹരിക്കാനായി പരാതികൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്ന തന്ത്രമാണ് രൂപപ്പെടുത്തിയിട്ടുള്ളത്. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 2019 ൽ 352 സീറ്റുകൾ നേടിയാണ് വീണ്ടും അധികാരം ഉറപ്പിച്ചത്. അതില്‍ തന്നെ 303 സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് തന്നെ നേടിയിരുന്നു.

മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ കൃത്യമായ ചുമതലകള്‍ നല്‍കി 2019ല്‍ ലഭിച്ചതിനേക്കാള്‍ മിന്നുന്ന വിജയമാണ് 2024ല്‍ ബിജെപി ലക്ഷ്യമിടുന്നത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഗുജറാത്ത് അടക്കം പാര്‍ട്ടിക്ക് വളരെ സുപ്രധാനമായ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയങ്ങളോടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറ പാകാമെന്നുള്ള കണക്കുക്കൂട്ടലിലാണ് ബിജെപി നേതൃത്വം.  

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിൽ നിന്ന് സി ബി ഐ മൊഴിയെടുത്തത് രണ്ട് കേസുകളിൽ

click me!