
ദില്ലി: സീറ്റെണ്ണം 400 കടക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുമ്പോള്‍ കേവലഭൂരിപക്ഷം പോലും ബിജെപിക്ക് ലഭിക്കില്ലെന്ന് പ്രവചിക്കുകയാണ് തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബിജെപിക്ക് 260 സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയെ കാണുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രശാന്ത് കിഷോര്‍.
വോട്ടെടുപ്പിന്റെ ഒരു ഘട്ടം കൂടി ബാക്കി നില്‍ക്കുമ്പോള്‍ അന്തിമ പ്രവചനങ്ങളിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. നരേന്ദ്ര മോദി തന്നെഅധികാരത്തിൽ എത്തുമെന്നും ലോകപ്രശസ്ത പൊളിറ്റിക്കൽ സയന്റിസ്റ്റ് ഇയാൻ ബ്രെമ്മർ ഇന്നലെ പ്രവചിച്ചിരുന്നു. 305 സീറ്റുകൾ ബിജെപി സഖ്യം നേടുമെന്നാണ് ബ്രെമ്മറുടെ നിരീക്ഷണം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമാണ് യോഗേന്ദ്ര യാദവിന്റെ കണക്കുകള്‍. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് കണക്കുനിരത്തി യാദവ് പറയുന്നത്. ബിജെപി തേരോട്ടം 240 മുതല്‍ 260 സീറ്റുകളില്‍ നില്‍ക്കുമെന്നാണ് പ്രവചനം. എന്‍ഡിഎ മുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 35 മുതല്‍ 45 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ വന്നാലും മുന്നണിയിലെ സഖ്യ കക്ഷികളുടെ സഹായത്തോടെ എന്‍ഡിഎ തന്നെ രാജ്യം ഭരിക്കുമെന്നാണ് വിലയിരുത്തല്‍. യാദവിന്റെ പ്രവചനം പങ്കിട്ട് പ്രശാന്ത് കിഷോറും ഇക്കാര്യം വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് ഇത്തവണ 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്ന് യാദവ് പ്രവചിക്കുന്നു. കോണ്‍ഗ്രസ് ഒഴികെയുള്ള ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് 120 മുതല്‍ 135 സീറ്റുകള്‍ വരെ നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് സീറ്റെണ്ണം കുറയുമെങ്കിലും എന്‍ഡിഎ തന്നെ ഭരണത്തില്‍ വരുമെന്നാണ് ഒട്ടുമിക്ക പ്രവചനങ്ങളും വ്യക്തമാക്കുന്നത്. ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ കിംങ് മേക്കറാകുമെന്നുമാണ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെയും വൈഎസ്ആര്‍സിപിയുടെയും അവകാശവാദം.
അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ എന്നിവടങ്ങളില്‍ ബിജെപിക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി വ്യക്തമാക്കുന്നു. ഇതില്‍ മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപി ഒപ്പം കൂട്ടിയ സഖ്യകക്ഷികളുടെ പ്രകടനം തിരിച്ചടിയാകും. ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി ചെറിയ തോതിൽ നില മെച്ചപ്പെടുത്തുമെന്നും യുപിയിലും ബംഗാളിലും തല്‍സ്ഥിതി നിലനിര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസ് നൂറോളം സീറ്റ് എത്താത്ത സാഹചര്യത്തിൽ ഭരണമാറ്റത്തിന് സാധ്യതയില്ലെന്നും രാജ്ദീപ് പറഞ്ഞുവയ്ക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam