വിലക്കയറ്റത്തിന് കാരണം 1947 ഓഗസ്റ്റ് 15 ലെ നെഹ്റുവിന്‍റെ പ്രസംഗത്തിലെ പിഴവുകളെന്ന് ബിജെപി മന്ത്രി

By Web TeamFirst Published Aug 1, 2021, 1:42 PM IST
Highlights

ആദ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഒരു നല്ല നിലയില്‍ എത്തിച്ചിരുന്നുവെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കാമായിരുന്നു. കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണമായിരുന്നു നടത്തേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ ഇന്നത്തേത് ആകില്ലായിരുന്നുവെന്ന് വിശ്വാസ് സാരംഗ്

വിലക്കയറ്റത്തിന് ജവഹര്‍ലാല്‍ നെഹ്റുവിനെ പഴിചാരി മധ്യപ്രദേശിലെ ബിജെപി മന്ത്രി. പണപ്പെരുപ്പം ഒന്നോ രണ്ട് ദിവസം കൊണ്ടുണ്ടായ പ്രശ്നമല്ലെന്നും 1947 ഓഗസ്റ്റ് 15 ന് ജവഹര്‍ലാല്‍ നെഹ്റും ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലെ തെറ്റുകള്‍ മുതല്‍ അത്  ആരംഭിച്ചതാണെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ വിശ്വാസ് സാരംഗ് ആരോപിക്കുന്നത്. ആദ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഒരു നല്ല നിലയില്‍ എത്തിച്ചിരുന്നുവെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കാമായിരുന്നുവെന്നാണ് വിശ്വാസ് സാരംഗ് വിശദമാക്കുന്നത്.

ഭോപ്പാലില്‍ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരത്തേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിശ്വാസ് സാരംഗ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞ് വിലക്കയറ്റം വര്‍ധിച്ചതിന് ആര്‍ക്കെങ്കിലും ക്രെഡിറ്റ് നല്‍കുന്നുണ്ടെങ്കില്‍ അത് നെഹ്റു കുടുംബത്തിനാണെന്നും ബിജെപി മന്ത്രി പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല വിലക്കയറ്റം എന്ന പ്രശ്നമുണ്ടായത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമിട്ടതും ഒന്നോ രണ്ടോ ദിവസംകൊണ്ടല്ല. രാജ്യത്തിന്‍റെ സമ്പദ് ഘടനയെ നശിപ്പിച്ചത് 1947 ഓഗസ്റ്റ് 15 ചെങ്കോട്ടയില്‍ വച്ച് ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തിലെ തെറ്റുകള്‍ മൂലമാണ്.

കഴിഞ്ഞ ഏഴുവര്ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബിജെപി ഭരണത്തിന് കീഴില്‍ വിലക്കയറ്റം കുറയുകയും രാജ്യത്തെ ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുടെ വീടിന് മുന്‍പിലാണ് പ്രതിഷേധിക്കേണ്ടതെന്നും വിശ്വാസ് സാരംഗ് പറഞ്ഞു. രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥ അടിസ്ഥാപരമായി ആശ്രയിച്ചിരുന്നത് കൃഷിയെയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റും ഇത് അവഗണിച്ചുവെന്നും ബിജെപി മന്ത്രി പിടിഐയോട് പ്രതികരിച്ചു. രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളും കൃഷിയേയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റും ഇവര്‍ക്കായി ശ്രദ്ധ പുലര്‍ത്തിയില്ല. ഗ്രാമത്തിലെ സ്വയം പര്യാപ്തമായ സമ്പദ് വ്യവസ്ഥയെ പാശ്ചാത്യ ആശയങ്ങള്‍കൊണ്ട് ജവഹര്‍ലാല്‍ നെഹ്റു തകര്‍ത്തുവെന്നും വിശ്വാസ് സാരംഗ് ആരോപിക്കുന്നു.

നിലവിലെ സാഹചര്യത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നയങ്ങളിലെ തകരാറ് ആണെന്നും വിശ്വാസ് സാരംഗ് കൂട്ടിച്ചേര്‍ക്കുന്നു. കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണമായിരുന്നു നടത്തേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ ഇന്നത്തേത് ആകില്ലായിരുന്നു. കാശ്മീര്‍ പ്രശ്നവും അതിര്‍ത്തികളിലെ പ്രശ്നങ്ങളും നെഹ്റുവിന്‍റെ കാലം മുതലേ രാജ്യത്തുള്ളതാണ്. ഇതെല്ലാം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഞെരുക്കി കളഞ്ഞെന്നും വിശ്വാസ് സാരംഗ് പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!