നടുറോഡിൽ വണ്ടിനിര്‍ത്തി ആദ്യം വാക്കേറ്റം, യുവാക്കളുമായി കൂട്ടത്തല്ലുണ്ടാക്കി ബിജെപി ധനമന്ത്രി -വീഡിയോ

Published : May 04, 2023, 12:41 PM IST
നടുറോഡിൽ വണ്ടിനിര്‍ത്തി ആദ്യം വാക്കേറ്റം, യുവാക്കളുമായി കൂട്ടത്തല്ലുണ്ടാക്കി ബിജെപി ധനമന്ത്രി -വീഡിയോ

Synopsis

മന്ത്രിക്ക് പുറമെ, ​സുരക്ഷാ ഉദ്യോ​ഗസ്ഥനും യുവാവിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ യുവാവിനെ കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായും ആരോപണമുയർന്നു.

ദില്ലി: യുവാക്കളുമായി നടുറോഡിൽ തല്ലുണ്ടാക്കി ബിജെപി മന്ത്രിയും സുരക്ഷാ ഉദ്യോ​ഗസ്ഥനും. ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗർവാളാണ് യുവാവിനെ പൊതുജന മധ്യത്തിൽ മർദ്ദിച്ചത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് മന്ത്രിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. സംഭവത്തിൽ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഡെറാഡൂൺ എസ്എസ്പിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായ പ്രേംചന്ദ് അഗർവാളിനെതിരെയും അടിയേറ്റ യുവാവിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എസ്എസ്പിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

മന്ത്രിക്ക് പുറമെ, ​സുരക്ഷാ ഉദ്യോ​ഗസ്ഥനും യുവാവിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ യുവാവിനെ കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായും ആരോപണമുയർന്നു. ഉത്തരാഖണ്ഡ് സർക്കാരിന്റെ ധാർഷ്ട്യം പ്രകടമായ സംഭവമാണ് പുറത്തുവന്നതെന്നും മന്ത്രി അധികാര ദുർവിനിയോ​ഗം ചെയ്തെന്നും കോൺ​ഗ്രസ് പ്രതികരിച്ചു. മന്ത്രി ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. കുടുംബത്തെ പോലും കാണാൻ അനുവദിച്ചില്ലെന്നും കോൺഗ്രസ് എംഎൽഎ കപ്രി ഭുവൻ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഋഷികേശിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. ​ഗതാ​ഗതക്കുരുക്കിൽ മന്ത്രിയുടെ വാഹനവും കുടുങ്ങിക്കിടന്നപ്പോഴാണ് വാക്കുതർക്കമുണ്ടായതും അടിയിൽ കലാശിച്ചതും. ആദ്യം മന്ത്രിയും പിന്നീട് ​ഗൺമാനും യുവാവിനെ മർദ്ദിച്ചു. സുരേന്ദ്ര സിങ് നാ​ഗി എന്നയാൾക്കാണ് മർദ്ദനമേറ്റത്. 

ഗതാഗതക്കുരുക്കിൽ കുടുങ്ങിയ സുരേന്ദ്ര സിംഗ് നേഗി തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയെന്ന് അഗർവാളിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.  തന്റെ കുർത്ത വലിച്ചുകീറുകയും സുരക്ഷാ ഉദ്യോഗസ്ഥൻ ഇടപെട്ടതോടെ യൂണിഫോമും കീറിയെന്നും പ്രസ്താവനയിൽ പറയുന്നു.  ഔദ്യോഗിക പിസ്റ്റൾ തട്ടിയെടുക്കാനും ശ്രമിച്ചു. മന്ത്രിയെ പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ അക്രമിച്ചതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ചോദ്യം ചോദിച്ചതിന് അഗർവാളും അദ്ദേഹത്തിന്റെ ജീവനക്കാരും തന്നെ ആക്രമിച്ചതായി ആരോപിച്ച് നേഗി വീഡിയോ പ്രസ്താവനയിലൂടെ വിശദീകരിച്ചു. 

PREV
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി