
ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തില്‍ അക്രമികള്‍ ബിജെപി നേതാവിന്‍റെ വീടും അഗ്നിക്കിരയാക്കി. ബിജെപി ന്യൂനപക്ഷ സെല്ലിന്‍റെ വടക്കുകിഴക്കന്‍ ജില്ലാ ഉപാധ്യക്ഷന്‍ അക്തര്‍ റാസയുടെ വീടാണ് കത്തിച്ചത്. സംഭവത്തെ കുറിച്ച് അക്തര്‍ റാസ ദി ടെലിഗ്രാഫിനോട് പറഞ്ഞതിങ്ങനെ: മതപരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി അന്ന് ഏഴ് രാത്രി എഴു മണിയോടെയാണ് അവര്‍ എത്തിയത്.
തുടര്‍ന്ന് കല്ലുകള്‍ എറിയാന്‍ ആരംഭിച്ചു. സഹായത്തിനായി പൊലീസിനെ വിളിച്ചു. പക്ഷേ, അവിടെ നിന്ന് എത്രയും വേഗം പോകാനാണ് പൊലീസ് പറഞ്ഞത്. അവര്‍ വീട് കത്തിക്കും മുമ്പ് അവിടെ നിന്ന് രക്ഷപെടാനായെന്നും എല്ലാം തകര്‍ത്തെന്നും അക്തര്‍ പറഞ്ഞു. അക്തറിന്‍റെ വീടിന്‍റെ വഴിയില്‍ 19 മുസ്ലീം കുടുംബങ്ങളുടെ വീടുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം തകര്‍ത്തിട്ടുണ്ട്.
അക്രമികള്‍ എല്ലാം പുറത്ത് നിന്നുള്ളവരാണ്. ആറ് മോട്ടോര്‍ സൈക്കിളുകളും വീട്ടിലെ എല്ലാ സാധനങ്ങളും അവര്‍ നശിപ്പിച്ചു. സമീപത്തുള്ള അക്തറിന്‍റെ രണ്ട് ബന്ധുക്കളുടെ വീടുകളും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ് അക്തര്‍.
എന്നാല്‍ കലാപത്തിന് ശേഷം ഒരു ബിജെപി നേതാവും തന്നെ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഫോണ്‍ കോള്‍ പോലും വന്നില്ല. ആശ്വാസം നല്‍കാനോ പ്രത്യേക ശുശ്രൂഷ നല്‍കാനോ ആരും വന്നില്ല. എങ്കിലും താന്‍ ബിജെപിയില്‍ തന്നെ തുടര്‍ന്നേക്കുമെന്നും അക്തര്‍ വിശദീകരിച്ചു.