ആശങ്കയൊഴിഞ്ഞു; ഇറാനിൽ കുടുങ്ങിയവർക്ക് ഭക്ഷണം കിട്ടി, ആർക്കും കൊറോണയില്ലെന്നും ഇന്ത്യൻ കോൺസുലേറ്റ്

By Web TeamFirst Published Mar 2, 2020, 8:19 PM IST
Highlights

ഇന്ത്യൻ കോൺസുലേറ്റിലെ അധികൃതർ നാളെ മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണുമെന്നും അധികൃതർ അറിയിച്ചു. മത്സ്യ തൊഴിലാളികൾക്ക് ഉള്ള ഭക്ഷണം പാക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് ട്വിറ്ററിൽ പങ്കുവച്ചു

ടെഹ്റാൻ: കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളടക്കം ഇറാനിൽ പ്രതിസന്ധിയിൽ കഴിഞ്ഞിരുന്ന ഇന്ത്യാക്കാർക്ക് ഭക്ഷണം എത്തിച്ചു. ഇന്ത്യൻ കോൺസുലേറ്റാണ് ഇവർക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കിയത്. ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

ഇന്ത്യൻ കോൺസുലേറ്റിലെ അധികൃതർ നാളെ മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണുമെന്നും അധികൃതർ അറിയിച്ചു. മത്സ്യ തൊഴിലാളികൾക്ക് ഉള്ള ഭക്ഷണം പാക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് ട്വിറ്ററിൽ പങ്കുവച്ചു. 

കേരളത്തിൽ നിന്നുള്ള 85 മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാനിലെ കിഷ് ദ്വീപിൽ 340 ഇന്ത്യൻ മത്സ്യതൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ കൊല്ലം സ്വദേശിയായ ഡാർവിനുമുണ്ട്.

ഇവരെ പരിശോധിക്കാനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചിരുന്നു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെങ്കിൽ ഇവരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതേസമയം ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളോട് വിസ പണം മടക്കി നൽകണമെന്നാവശ്യപ്പെട്ട് സ്പോണ്‍സർ ഭീഷണിപ്പെടുത്തിയെന്ന് വിവരമുണ്ട്. മൂന്ന് ദിവസത്തിനകം പണം നൽകിയില്ലെങ്കിലും കുടിവെള്ളം പോലും നൽകില്ലെന്നും, നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നുമാണ് ഭീഷണി.

ഇറാനിലെ അസലൂരിൽ 17 മലയാളികൾ അടക്കം 23 ഇന്ത്യാക്കാരാണ് കുടുങ്ങിയത്. കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ ഇറ്റലിയില്‍ മലയാളികള്‍ ഉള്‍പ്പടെ 85 വിദ്യാര്‍ത്ഥികള്‍  പ്രതിസന്ധിയിലാണ്. പാവിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇറ്റലിയിലെ ലൊംബാര്‍ഡി പ്രവശ്യയില്‍ കുടുങ്ങിയത്. 85 വിദ്യാര്‍ത്ഥികളില്‍ നാല് പേര്‍ മലയാളികളാണ്. കോവി‍ഡ് 19 ബാധയില്‍ ലൊംബാര്‍ഡിയില്‍ 17 പേര്‍ മരിച്ചതായാണ് വിവരം. പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേര്‍ നിരീക്ഷണത്തിലുമാണ്. ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളും റദ്ദു ചെയ്തു.

കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെ ഇന്ത്യയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

click me!