'അവര്‍ ബ്രാഹ്‌മണര്‍, നല്ല സംസ്‌കാരത്തിനുടമകള്‍'; ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെക്കുറിച്ച് ബിജെപി എംഎല്‍എ

Published : Aug 19, 2022, 01:31 AM ISTUpdated : Aug 19, 2022, 01:34 AM IST
'അവര്‍ ബ്രാഹ്‌മണര്‍, നല്ല സംസ്‌കാരത്തിനുടമകള്‍'; ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെക്കുറിച്ച് ബിജെപി എംഎല്‍എ

Synopsis

പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് സി.കെ. റൗല്‍ജി.

ഗാന്ധിനഗര്‍: ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസിലെ പ്രതികള്‍ നല്ല സംസ്കാരത്തിനുടമകളാണെന്ന് ബിജെപി എംഎല്‍എ. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നുള്ള നിയമസഭാംഗമായ സി.കെ. റൗല്‍ജിയാണ്  ബലാത്സംഗക്കേസിലെ കുറ്റവാളികളെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്.  പതിനഞ്ച് കൊല്ലത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ച പ്രതികള്‍ 'ബ്രാഹ്‌മണരാണെ' ന്നും 'നല്ല സംസ്‌കാരത്തിനുടമകളാണെ'ന്നുമായിരുന്നു ബിജെപി നേതാവിന്‍റെ പ്രസ്താവന.

"അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. പക്ഷെ കുറ്റകൃത്യം നടപ്പാക്കാനുള്ള ഉദ്ദേശം ഉണ്ടാവണം. അവര്‍ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്", ഒരു മാധ്യമത്തിന് നല്‍കിയ അമുഖത്തില്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ ജയിലിലായിരുന്ന കാലത്ത് സല്‍സ്വഭാവികളായിരുന്നെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു. 

ബിൽക്കീസ് ബാനു വധക്കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ പതിനാറാം തീയതി മോചിപ്പിച്ചത്. പ്രതികളുടെ മോചനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് എംഎല്‍എയുടെ പ്രസ്താവന. ബലാത്സംഗക്കേസിലെ  പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് സി.കെ. റൗല്‍ജി.  അതേസമയം ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ ടിആര്‍എസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വൈ. സതീഷ് റെഡ്ഡി രംഗത്ത് വന്നു.

Read More : മകനെ റാഗ് ചെയ്തു, അന്വേഷിക്കാനെത്തിയ കുടുംബത്തെ സ്കൂൾ ചെയർമാൻ അസഭ്യം പറഞ്ഞു; പരാതി

ബലാത്സംഗികളെ സംസ്‌കാരസമ്പന്നരെന്നാണ്  ബിജെപി വിശേഷിപ്പിക്കുന്നതെന്നും ഒരു രാഷ്ട്രീയകക്ഷിയ്ക്ക് എത്രത്തോളം തരം താഴാമെന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കുറിച്ചു. ബിജെപി എംഎല്‍എയുടെ വീഡിയോ പങ്കുവച്ചായിരുന്നു ടിആര്‍എസിന്റെ സോഷ്യല്‍ മീഡിയ കണ്‍വീനറുടെ പ്രതികരണം.

ബിൽക്കീസ് ബാനു കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനു പിന്നാലെ  കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയിത്രയും രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയാണ് മഹുവ മൊയ്യിത്ര കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിൽക്കീസ് ബാനു സ്ത്രീയാണോ മുസ്ലീം ആണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു മഹുവയുടെ പ്രതികരണം.

Read More : വയോധികന്‍റെ മുന്നിലിട്ട് മകനെ മര്‍ദ്ദിച്ചു, ഇടിവളകൊണ്ട് നെഞ്ചില്‍ ഇടിച്ചു; അയര്‍കുന്നം പൊലീസിനെതിരെ പരാതി

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം