എംഎല്‍എയുടെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടരാജി

Published : Jan 24, 2020, 01:42 AM IST
എംഎല്‍എയുടെ രാജിക്ക് പിന്നാലെ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടരാജി

Synopsis

എംഎല്‍എയുടെ രാജി കൈവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം അനുനയ ചര്‍ച്ചകള്‍ തുടങ്ങി. 

അഹമ്മദാബാദ്: ഗുജറാത്തിലെ സാവ്‌ളി മണ്ഡലം എം.എല്‍.എ കേതന്‍ ഇനാംദാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. രാജിവെച്ച എംഎല്‍എക്ക് പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെച്ചു.  ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് സാവ്‌ളി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബി.ജെ.പി നേതാക്കളാണ് രാജിവെച്ചത്.സാവ്‌ളി മുനിസിപ്പല്‍ അധ്യക്ഷന്‍ കെ എച്ച് സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളും രാജി സമര്‍പ്പിച്ചു.

വഡോദര ഡെയറി അധ്യക്ഷനും മുന്‍ എംഎല്‍എയുമായ പാദ്ര ദിനേശ് പട്ടേല്‍, കാര്‍ഷികോല്‍പ്പന്ന വിപണന സമിതിയിലെ അംഗങ്ങളും പാര്‍ട്ടി സ്ഥാനം വഹിക്കുന്നവരും രാജിസമര്‍പ്പിച്ചു.  എംഎല്‍എയുടെ രാജി കൈവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം അനുനയ ചര്‍ച്ചകള്‍ തുടങ്ങി. കേതന്‍ ഇനാംദാറിനെ കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ബിജെപിയുമായി ഇടഞ്ഞ് സ്വതന്ത്രനായി വിജയിച്ച നേതാവാണ് കേതന്‍. ഊര്‍ജമന്ത്രി സൗരഭ് പട്ടേലുമായുള്ള പ്രശ്നമാണ് ഇപ്പോഴത്തെ രാജിക്ക് കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
മന്ത്രിമാരും ഉദ്യോഗസ്ഥരും തന്‍റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പറഞ്ഞാണ് കേതന്‍ ഇനാംദാര്‍ രാജിവെച്ചത്. 2018ലും ചില ബിജെപി എംഎല്‍എമാരുടെ പിന്തുണയോടെ കേതന്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു.

എംഎല്‍എമാരായ മധു ശ്രീവാസ്തവ, യോഗേഷ് പട്ടേല്‍ എന്നിവര്‍ കേതന് പിന്തുണ നല്‍കിയിരുന്നു. കേതന്‍ രാജിവച്ചെങ്കിലും അന്ന് കൂടെയുണ്ടായിരുന്ന എംഎല്‍എമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്