
ബിജെപി വിട്ടതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടിയില്‍ (Samajwadi Party) ചേരുമെന്ന് അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെ എംഎല്‍എയെ കാണാനില്ലെന്ന (Missing) ആരോപണവുമായി മകള്‍. ഉത്തര്‍ പ്രദേശ് എംഎല്‍എ വിനയ് ഷാക്യയുടെ (BJP MLA Vinay Shakya) മകളായ റിയ ആണ് പിതാവിനെ കാണാനില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്മാവനും മുത്തശ്ശിയും ചേര്‍ന്ന് പിതാവിനെ ലക്നൌവ്വിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് കാണാതായതെന്നാണ് ആരോപണം.
എന്നാല്‍ ഉത്തര്‍ പ്രദേശ് പൊലീസ് റിയയുടെ ആരോപണം തള്ളി. എംഎല്‍എ വീട്ടില്‍ തന്നെയുണ്ടെന്നാണ് ഉത്തര് പ്രദേശ് പൊലീസ് പറയുന്നത്. ബന്ധുക്കള്‍ പിതാവിനെ അജ്ഞാതമായ എവിടേക്കോ മാറ്റിയെന്നാണ് റിയ ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ചൊവ്വാഴ്ചയാണ് റിയ ആരോപണം ഉന്നയിച്ചത്. ഷാക്യ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹം പരന്നതിന് പിന്നാലെയാണ് മകളുടെ ആരോപണം ഉയര്‍ന്നത്. ഈ വീഡയോ വൈറലാവുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശിലെ ബിന്ദുനയില്‍ നിന്നുള്ള എംഎല്‍എയാണ് ഷാക്യ.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പിതാവിനെ കണ്ടെത്തി തരണമെന്നാണ് റിയ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. എന്നാല്‍ എംഎല്‍എ സുരക്ഷിതനായി ഏട്ടവയിലുള്ള ശാന്തി കോളനിയില്‍ അമ്മയ്ക്കൊപ്പമാണെന്നാണ് പൊലീസ് സൂപ്രണ്ട് അഭിഷേക് വര്‍മ പറയുന്നത്. തട്ടിക്കൊണ്ട് പോയിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കുടുംബത്തില്‍ പ്രശ്നമുണ്ട്. എംഎല്‍എയോട് നേരിട്ട് സംസാരിച്ചതായും അഭിഷേക് വര്‍മ പറയുന്നു. ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ എംഎല്എയ്ക്കൊപ്പം ഉണ്ടെന്നും പൊലീസ് വിശദമാക്കുന്നു.
2018ല്‍ മസ്തിഷ്കാഘാതം നേരിട്ട പിതാവിന് ശസ്ത്രക്രിയയ്ക്ക് ശേഷം ശരിയായി സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും മകള്‍ വീഡിയോയില്‍ പറയുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് ബിജെപി മന്ത്രിയും നാല് എംഎല്‍എ മാരും പാര്‍ട്ടി വിട്ടത്. ബിജെപി കോർ കമ്മിറ്റി യോഗം ദില്ലിയിൽ ചേരുന്നതിനിടെയാണ് സ്വാമി പ്രസാദ് മൗര്യയുടെയും എംഎൽഎമാരുടേയും രാജി. പിന്നോക്ക വിഭാഗങ്ങളുോടുള്ള അവഗണനയെ തുടർന്നാണ് രാജിയെന്നാണ് നേതാക്കളുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam