
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ 'ഞാൻ സവർക്കർ' എന്നെഴുതിയ തൊപ്പി ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തി ബിജെപി എംഎൽഎമാർ. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ പറഞ്ഞ റേപ് ഇൻ ഇന്ത്യ പരാമർശം വൻവിവാദങ്ങൾക്ക് കാരണമായിത്തീർന്നിരുന്നു. സംഭവത്തിൽ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായപ്പോൾ രാഹുൽ ഗാന്ധിയുടെ പ്രതികരണം, 'എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയാൻ ഞാൻ തയ്യാറല്ല' എന്നായിരുന്നു. സവർക്കറെക്കുറിച്ച് മോശമായ പരാമർശം നടത്തി എന്ന് ആരോപിച്ചാണ് എംഎൽഎമാരുടെ പ്രതിഷേധം.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്ത് തൊപ്പി ധരിച്ചാണ് സഭയിലെത്തിയത്. സവർക്കറിന്റെ പേര് ഉപയോഗിച്ചതിന് നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ''സവർക്കര്‍ക്കെതിരെയുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറയണം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചരിത്രം അദ്ദേഹം പഠിച്ചിട്ടില്ലെന്ന് തോന്നുന്നു.'' ഫഡ്നാവിസ് പറയുന്നു.
മേക്ക് ഇൻ ഇന്ത്യ എന്ന് മോദി പറയുമ്പോൾ റേപ് ഇൻ ഇന്ത്യയാണ് സംഭവിക്കുന്നതെന്നായിരുന്നു ഭരണകക്ഷിയായ ബിജെപിയ്ക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ രാഹുൽ ഗാന്ധി തുറന്നടിച്ചത്. മാപ്പ് പറയണമെന്ന് ബിജെപി ആവശ്യമുന്നയിച്ചപ്പോൾ മരിക്കേണ്ടി വന്നാലും മാപ്പ് പറയില്ല. തന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും രാഹുൽ സവർക്കർ എന്നല്ലെന്നുമാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. സത്യം പറഞ്ഞതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും ഒരു കോൺഗ്രസുകാരനും അങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ബിജെപി തങ്ങളുടെ ബിംബമായി പരിഗണിക്കുന്ന വ്യക്തിത്വമാണ് സവർക്കർ.എന്നാല്‍ ഇന്ത്യ കോളനിഭരണത്തിൻ കീഴിലായിരുന്ന സമയത്ത് ജയിൽ മോചിതനാകാൻ ബ്രിട്ടീഷ് സർക്കാരിന് തുടർച്ചയായി മാപ്പപേക്ഷ എഴുതി നൽകിയ വ്യക്തി എന്നാണ് ഇദ്ദേഹത്തെക്കുറിച്ചുള്ള ആരോപണം. രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് ശേഷം സവർക്കറിനെ ദൈവം എന്നാണ് ശിവസേന നേതാവ് വിശേഷിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam