
അസംഗഢ് (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ (UP Assembly election) അവസാന ഘട്ട പോളിങ്ങിന് തൊട്ടുമുമ്പ് ബിജെപിക്ക് (BJP) കനത്ത തിരിച്ചടി. ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ (Rita Bahuguna Joshi) മകന്‍ മായങ്ക് ജോഷി (Mayank Joshi) സമാജ് വാദി (Samajwadi Party) പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് (Akhilesh Yadav) അസംഗഢിലെ റാലിക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്. 'ബിജെപി എംപി റിത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി ഇന്ന് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന് അഖിലേഷ് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് റിത ബഹുഗുണ ജോഷി നേൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മകന് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മകന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനത്തെ മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2017 ലെ തിരഞ്ഞെടുപ്പില്‍ റിത ബഹുഗുണ ജോഷി ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ത്ഥി അപര്‍ണ യാദവിനെ പരാജയപ്പെടുത്തിയിരുന്നു. ഏഴിനാണ് യുപി തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിങ്. 10നാണ് ഫലപ്രഖ്യാപനം.
യുപി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു
കണ്ണൂർ: യുപി തെരഞ്ഞെടുപ്പിൻ്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ജീവനൊടുക്കി. കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. കണ്ണൂർ തെക്കി ബസാർ സ്വദേശിയാണ് വിപിൻ ദാസ്. 37 വയസ്സായിരുന്നു. യുപിയിലെ ചന്തൗലിയിൽ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിൻ ദാസ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് സംഭവം. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് ലഭിച്ച വിവരം. വിപിൻ്റെ വീടിൻ്റെ കുറ്റിയടി ചടങ്ങിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും മേലുദ്യോഗസ്ഥർ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.