
മധ്യപ്രദേശ്: ചെരിപ്പുകുത്തിയായ (Cobbler) വ്യക്തിയുടെ ഷൂ പോളിഷ് ചെയ്ത് മധ്യപ്രദേശ് ബിജെപി എംപി സുമർ സിംഗ് സോളങ്കി (Sumer Singh Solanki). മധ്യപ്രദേശിലെ ബർവാനി ജില്ലയിലാണ് സംഭവം. രവിദാസ് ജയന്തി ദിനത്തിൽ ആദരസൂചകമായിട്ടാണ് ചെരിപ്പുകുത്തിയുടെ ഷൂ പോളിഷ് ചെയ്തതെന്ന് സുമർ സിംഗ് സോളങ്കി വ്യക്തമാക്കി. ഇദ്ദേഹം ചെരിപ്പുകുത്തിയുടെ ഷൂ പോളിഷ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. എംപി തന്നെയാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
'ജന്മം കൊണ്ടല്ല ഒരു വ്യക്തി വലുതോ ചെറുതോ ആകുന്നത്, കർമ്മം കൊണ്ടാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് അയാളുടെ കർമ്മമാണ്. ശിരോമണി രവിദാസ് ജയന്തിയുടെ ശുഭകരമായ അവസരത്തിൽ, നടപ്പാതയിൽ ഇരുന്ന് ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്തു." സുമർ സിംഗ് സോളങ്കി ട്വിറ്ററിൽ കുറിച്ച വരികളാണിത്. ചെരിപ്പുകുത്തുന്ന ജോലി ചെയ്യുന്ന സമുദായത്തിലെ എല്ലാ വ്യക്തികൾക്കും ആദരമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
25 വർഷം മുമ്പ് ഇവിടെ പഠിക്കുന്ന കാലത്ത് ചെരുപ്പ് നന്നാക്കാൻ ഇവിടെ വരുമായിരുന്നു എന്നും സോളങ്കി പറഞ്ഞു. അദ്ദേഹത്തിന്റെ ഷൂ പോളിഷ് ചെയ്ത് കൊടുക്കുകയും ഭഗവദ് ഗീത സമ്മാനമായി നൽകുകയും ചെയ്തു. ഒപ്പം രവിദാസിന്റെ ചിത്രവും നൽകിയതായി സോളങ്കി കൂട്ടിച്ചേർത്തു. ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്യുന്ന എംപിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ലഖിംപൂർ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണം, സുപ്രീം കോടതിയിൽ ഹർജി
യോഗിജിക്ക് വോട്ടുചെയ്യാത്തവരുടെ വീട് തകര്‍ക്കും'; ഭീഷണിയുമായി ബിജെപി തെലങ്കാന എംഎല്‍എ