Hijab Row : ഹിജാബ്: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ; ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി

Web Desk   | Asianet News
Published : Feb 17, 2022, 04:46 PM ISTUpdated : Feb 17, 2022, 04:56 PM IST
Hijab Row : ഹിജാബ്: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ; ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി

Synopsis

തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കി

ബംഗളുരു: ഹിജാബ് നിരോധവുമായി (Hijab Ban) ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka High Court) നാളെയും വാദം തുടരും. വിഷയത്തിൽ ഇന്ന് രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി. ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.

ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി. തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാനുള്ളതിനാൽ നാളെയും വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഹിജാബ് നിരോധനത്തിൽ വാദം തുടരും, ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിനാൽ ഇടപെടണമെന്ന ഹർജി തള്ളി

അതേസമയം ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ടുള്ള ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നുമുള്ള ഹർജി കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി തള്ളിയിരുന്നു. അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുള്ള നടപടി തുടരാമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്കൂളുകൾക്ക് മുന്നിൽ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഈ ഹർജി ചൊവ്വാഴ്ച തള്ളിയത്. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇപ്പോൾ കോടതിയിൽ വാദം നടക്കുന്നത്.

'ഹിജാബ് അഴിപ്പിക്കില്‍ കടുത്ത അനീതി'; നടപടി പ്രാകൃതവും ലജ്ജാകരമെന്നും പാളയം ഇമാം

അതിനിടെ ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവുമെന്ന അഭിപ്രായം പങ്കുവച്ച് പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി (Palayam Imam V P Suhaib Moulavi) രംഗത്തെത്തി. ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്‍റെ ലംഘനമാണിത്. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വസ്ത്ര സ്വാതന്ത്യം അനുവദിച്ച് കൊടുത്തുകൊണ്ടാണ് ഇത്രയും കാലം മുന്നോട്ട് നീങ്ങിയത്. പൂണുല്‍ ധരിക്കുന്നവരും പൊട്ട് തൊടുന്നവരും രുദ്രാക്ഷം കെട്ടുന്നവരും തലപ്പാവ് അണിയുന്നവരുമെല്ലാം നമ്മുടെ രാജ്യത്തുണ്ട്. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ കടുത്ത അനീതിയും വിവേചനവുമാണ്. ഇത്തരം നടപടികളിലൂടെ ഒരു സമുദായത്തിന്‍റെ വികാരം വൃണപ്പെടുത്തുക മാത്രമല്ലെന്നും നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ നാണം കെടുകയാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ഗവര്‍ണറുടെ പണിയെടുത്താല്‍ മതി, മതം പറയാന്‍ പണ്ഡിതരുണ്ട്; വിമര്‍ശനവുമായി കെപിഎ മജീദ്

അതിനിടെ ഹിജാബ് വിഷയത്തില്‍ ഗവർണർക്കെതിരെ മുസ്ലീം ലീഗ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തെ ഹിജാബ് വിഷയം ഉപയോഗിച്ച് ഇവിടെ വിവാദമുണ്ടാക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഔചിത്യമില്ലായ്മയാണ് ഗവർണർ കാണിക്കുന്നത്. ഇന്ന് ഗവർണർ പറയുന്നത് നാളെ ബിജെപി ഏറ്റെടുത്താൽ എന്താവും സ്ഥിതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഹിജാബ് സംബന്ധിച്ച് ഗവർണർക്കുള്ളത് പരിമിത അറിവാണെന്നും മുസ്ലീം ലീഗിനെ വിമർശിക്കുന്നതിനു മുമ്പ് മുസ്ലീം ലീഗിന്‍റെ ചരിത്രവും മുസ്ലീം ലീഗ് നാട്ടിലുണ്ടാക്കിയ മാറ്റവും ഗവർണർ പഠിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറ‌ഞ്ഞു.

PREV
click me!

Recommended Stories

വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം
കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു