ഡോ. ബോംബ്; മുംബൈ അടക്കം അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതി പരോളിനിറങ്ങി മുങ്ങി

By Web TeamFirst Published Jan 17, 2020, 8:53 AM IST
Highlights

പരോള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ വ്യാഴാഴ്ച ജലീസ് ഒപ്പിടാനെത്തിയില്ല. ഉച്ച കഴിഞ്ഞതോടെ ജലീസിനെ കാണാനില്ലെന്ന പരാതിയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസടക്കം അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതി പരോളിനിറങ്ങി മുങ്ങി. ഡോക്ടര്‍ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അന്‍സാരിയാണ് (68) മുങ്ങിയത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് പരോള്‍ അവസാനിക്കുന്ന വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയതായി വ്യക്തമായത്. സൗത്ത് മുംബൈ മോമിന്‍പുര സ്വദേശിയാണ് ജലീസ്. മഹാരാഷ്ട്ര പൊലിസും മഹാരാഷ്ട്ര എടിഎസും ഇയാള്‍ക്കായി വലവിരിച്ചു. 

രാജസ്ഥാനിലെ അജ്മേര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ജലീസ് പരോളിനിറങ്ങിയത്. പരോള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 10.30നും 12നും ഇടയില്‍ മുംബൈ അഗ്രിപദ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടിയിരുന്നു. എന്നാല്‍, പരോള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ വ്യാഴാഴ്ച ജലീസ് ഒപ്പിടാനെത്തിയില്ല. ഉച്ച കഴിഞ്ഞതോടെ ജലീസിനെ കാണാനില്ലെന്ന പരാതിയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പുലര്‍ച്ചെ നിസ്കരിക്കാനായി പള്ളിയില്‍ പോയ അന്‍സാരി തിരിച്ചെത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. മകന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ബോംബ് നിര്‍മിക്കുന്നതില്‍ വിദഗ്ധനായ അന്‍സാരി സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2008ലെ മുംബൈ ബോംബ് സ്ഫോടവുമായി ബന്ധപ്പെട്ട് എന്‍ഐഎ 2011ല്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. 

click me!