
ദില്ല: സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാർ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് നേതൃത്വം. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങൾ ബിജെപി തള്ളിയെങ്കിലും വിവാദം കത്തുന്നു. ചീഫ് ജസ്റ്റിസ് മതയുദ്ധങ്ങൾ ക്ഷണിച്ച് വരുത്തുന്നു എന്ന പരാമർശത്തിൽ നിഷികാന്ത് ദുബെക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എംപിമാർക്കെതിരെ ബിജെപി നടപടിയെടുക്കുമോ എന്നും പ്രതിപക്ഷം ചോദിക്കുന്നു.
ബിജെപി സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബിജെപി എംപിയുടെ പ്രസ്താവന കോടതിക്കെതിരെയുള്ള കലാപ ആഹ്വാനമാണെന്ന് ആംആദ്മി പാർട്ടിയും ആരോപിച്ചു. സുപ്രീംകോടതിയുടെ മതേതര നിലപാടിനെ ചോദ്യം ചെയ്യരുതെന്ന് മുൻ ജഡ്ജി എകെ ഗാംഗുലിയും പ്രതികരിച്ചു, അതേസമയം കോടതിയെ എതിർക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ വ്യക്തമാക്കി.
സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും ജെ.പി.നദ്ദ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും നിർദേശം നൽകിയതായും നദ്ദ പറഞ്ഞു. രാജ്യത്ത് മതസംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമർശം.
ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിർദേശങ്ങളും വിധികളും പൂർണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് നദ്ദ പറഞ്ഞി. സുപ്രീംകോടതിയുൾപ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിർത്തുന്ന ശക്തമായ തൂണുമാണെന്ന് ബിജെപി വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് താക്കളോടും മറ്റുള്ളവരോടും നിർദേശം നൽകിയിട്ടുണ്ടെന്ന് നദ്ദ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
Read More : ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ കണ്ടു; മൊഴി നൽകി പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam