
ദില്ലി: വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയ്ക്ക് വീട് നിർമ്മിച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി രംഗത്ത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയ്ക്ക് വീടും സ്ഥലവും നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കൽപ്പറ്റ നഗരസഭ സെക്രട്ടറിയ്ക്ക് ബിജെപി വയനാട് ജില്ലാ അധ്യക്ഷൻ കെ പി മധുവാണ് അപേക്ഷ നൽകിയത്. സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസായെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവനയെ കളിയാക്കി സമൂഹമാധ്യമങ്ങളിൽ ബിജെപി ട്രോളുകളുമായി രംഗത്തെത്തിയിരുന്നു.
അതിനിടെ, നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടിയൊതുക്കി രാഹുൽ ഗാന്ധി പുതിയ ലുക്കില്‍ എത്തിയത് ശ്രദ്ധേയമായി. കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനാണ് പുതിയ ലുക്കിൽ രാഹുൽ ഗാന്ധിയെത്തിയത്. ഭാരത് ജോഡോ യാത്രയില്‍ താടി നീട്ടി വളർത്തിയ രാഹുല്‍ പ്ലീനറി, പാർലമെന്‍റ് സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോഴും രൂപമാറ്റം വരുത്തിയിരുന്നില്ല. ബിഗ് ഡേറ്റ ആന്‍റ് ഡെമോക്രസി, ഇന്ത്യ - ചൈന ബന്ധം എന്നീ വിഷയങ്ങളിലാണ് രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ സംസാരിക്കുന്നത്. സർവകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ രാഹുല്‍ ഗാന്ധി, 1995 ല്‍ കേംബ്രിഡ്‍ജില്‍ നിന്നാണ് എംഫില്‍ നേടിയത്.
കന്യാകുമാരി മുതൽ കാശ്മീർ വരെയായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷർട്ടും നീട്ടിവളർത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്ക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക്ക് അതേ രീതിയിൽ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോൾ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ കോട്ടും ടൈയ്യും ധരിച്ച് എത്തിയിരിക്കുന്നത്. ലേണിങ് ടു ലിസൺ ഇൻ ട്വന്റിവൺത് സെഞ്ച്വറി എന്ന വിഷയത്തിൽ സർവ്വകലാശാലയെ അഭിസംബോധന ചെയ്യാനാണ് രാഹുലെത്തിയത്. മുടി വെട്ടിയൊതുക്കിയിട്ടുണ്ട്, കൂടെ താടിയും എന്നതാണ് ലുക്കിന്റെ മറ്റൊരു പ്രത്യേകത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam