ഷരീഫിനോടൊപ്പം 2021 ഏപ്രിലിൽ എടുത്ത ഫോട്ടോ പങ്കുവച്ചാണ് വേദന പങ്കുവച്ച് രാഹുൽ രംഗത്തെത്തിയത്
റായ്പൂർ: വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 2 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം പി രംഗത്തെത്തി. അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ ഷരീഫുമായി രാഹുൽ ഗാന്ധി വയനാട് സന്ദർശന വേളയിൽ സംവദിച്ചിരുന്നു. ഷരീഫിനോടൊപ്പം 2021 ഏപ്രിലിൽ എടുത്ത ഫോട്ടോ പങ്കുവച്ചാണ് ഫേസ്ബുക്കിലൂടെ വേദന അറിയിച്ച് രാഹുൽ രംഗത്തെത്തിയത്. വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് വയനാട്ടിൽ നിന്നുള്ള ഭീകരമായ അപകട വാർത്തയെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വയനാട് എം പി കൂടിയായ രാഹുൽ കുറിച്ചു. ഷരീഫുമായി സംവദിക്കാനായത് വലിയ പ്രചോദനമാണ് നൽകിയതെന്നും രാഹുൽ ഓർമ്മിച്ചു. കോൺഗ്രസ് പ്ലീനറി സമ്മേളത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി റായ്പൂരിലാണുള്ളത്.
എറണാകുളത്ത് ജോലി ചെയ്യുന്ന 24 കാരൻ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു
അതേസമയം ഇന്ന് രാവിലെ വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷരീഫിനും അമ്മിണിക്കും ജീവൻ നഷ്ടമായത്. ഓട്ടോറിക്ഷയും കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയമാണ് മരിച്ചത്. ഇരുവരും എടപ്പെട്ടി സ്വദേശികളാണ്. ഓട്ടോയിലുണ്ടായ പുൽപള്ളി സ്വദേശി യശോദയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പാർക്കിങ് സ്ഥലത്തു നിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാറിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ഒരു കാറിലും ബൈക്കിലും ഇടിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ശ്രീജിത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് അമിത വേഗതയിലാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുട്ടിൽ വാര്യാട് ഇതിന് മുൻപും നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈയിടെ സ്ഥലത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു.
