
ദില്ലി: രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പ്രദേശിക ഉത്സവങ്ങളും, വിവാഹങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നവംബർ 23 ൽ നിന്ന് 25 ലേക്കാണ് രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. തീയതി മാറ്റം ആവശ്യപ്പെട്ട് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസത്തിൽ മാറ്റമില്ല.
കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ഇത്തവണത്തെ പോരാട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. അതേസമയം ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിയായേക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സര്‍ക്കാര്‍. മധ്യപ്രദേശിലും, ഛത്തീസ്ഘട്ടിലും ജയമുറപ്പാണെന്നും രാജസ്ഥാനില്‍ മത്സരം കടുക്കുമെന്നും പറഞ്ഞ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഒരു ഈസി വോക്ക് ഓവര്‍ രാജസ്ഥാനില്‍ കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം നല്‍കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ പോലും അട്ടിമറിച്ച ഗലോട്ടിന്‍റെ ലക്ഷ്യം ഭരണത്തുടര്‍ച്ചയിലും അതേ കസേരയാണ്. അനുനയത്തിന് വഴങ്ങിയ സച്ചിന്‍റെ ലക്ഷ്യവും മറ്റൊന്നല്ല. സര്‍ക്കാരിന്‍റെ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ സച്ചിന്‍ നടത്തിയ പദയാത്ര ബിജെപിക്ക് ഇപ്പോള്‍ ആയുധവുമാണ്.
അതേസമയം ഇക്കുറി ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം രാജസ്ഥാനില്‍ ഉന്നമിടുന്നത് വസുന്ധര രാജെ സിന്ധ്യയെ തന്നെയാണ്. കേന്ദ്രത്തിൽ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അർജ്ജുൻ റാം മേഘ്വാൾ തുടങ്ങിയവരെയൊക്കെ മത്സരരംഗത്തിറക്കി വസുന്ധര മാത്രമല്ല നേതാവ് എന്ന സന്ദേശം ഇതിനോടകം ബിജെപി നല്‍കി കഴിഞ്ഞു. മധ്യപ്രദേശ് മോഡല്‍ അട്ടിമറിക്ക് രാജസ്ഥാനില്‍ കളമൊരുക്കിയ പാർട്ടിയുടെ പദ്ധതി പൊളിച്ചതിലെ കടുത്ത അതൃപ്തി ബിജെപിക്ക് വസുന്ധരയോടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ജനകീയയായ വസുന്ധരയെ പൂര്‍ണ്ണമായി ഒഴിച്ച് നിര്‍ത്തിയുള്ള നീക്കത്തിന് പാര്‍ട്ടിക്ക് അത്ര ഇപ്പോഴും അത്ര ധൈര്യം പോര. താന്‍ തന്നെ നേതാവെന്ന നിലപാടിലാണ് വസുന്ധര.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam