മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന പതിവില്‍ കണ്ണുവയക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്.
ദില്ലി : കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ഇത്തവണത്തെ പോരാട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകം. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സര്‍ക്കാര്‍. മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന പതിവില്‍ കണ്ണുവയക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്.
ഭരണത്തുടര്‍ച്ച ലഭിക്കുമോ കോൺഗ്രസിന് ?
'മധ്യപ്രദേശിലും, ഛത്തീസ് ഘട്ടിലും ജയമുറപ്പ്. രാജസ്ഥാനില്‍ മത്സരം കടുക്കും'. രാഹുല്‍ ഗാന്ധിയുടെ ഈ കണക്ക് കൂട്ടല്‍ ഒരു ഈസി വോക്ക് ഓവര്‍ പാര്‍ട്ടി രാജസ്ഥാനില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്. അധികാരത്തിലേറിയതിന് പിന്നാലെ മുതല്‍ തുടങ്ങിയ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് തല്‍ക്കാലം വെടിനിര്‍ത്തലില്‍ എത്തിയെങ്കിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറി പ്രതീക്ഷിക്കാം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം നല്‍കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ പോലും അട്ടിമറിച്ച ഗലോട്ടിന്‍റെ ലക്ഷ്യം ഭരണത്തുടര്‍ച്ചയിലും അതേ കസേരയാണ്. അനുനയത്തിന് വഴങ്ങിയ സച്ചിന്‍റെ ലക്ഷ്യവും മറ്റൊന്നല്ല. സര്‍ക്കാരിന്‍റെ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ സച്ചിന്‍ നടത്തിയ പദയാത്ര ബിജെപിക്ക് ഇപ്പോള്‍ ആയുധമാണ്. അപ്പോഴും നൂറിലധികം സീറ്റുകള്‍ വാങ്ങി ഭരണത്തുടര്‍ച്ച കിട്ടുമെന്ന അഭിപ്രായ സര്‍വേകളെ കോണ്‍ഗ്രസ് പ്രതീക്ഷയോടെ കാണുന്നു.
ഇനി ഇലക്ഷൻ ചൂടിലേക്ക്, അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചു
വസുന്ധരാജസിന്ധ്യ മാത്രമല്ല നേതാവ് !
ഇക്കുറി ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം രാജസ്ഥാനില്‍ ഉന്നമിടുന്നത് വസുന്ധ രാജെ സിന്ധ്യയെ തന്നെ. കേന്ദ്രത്തിൽ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അർജ്ജുൻ റാം മേഘ്വാൾ തുടങ്ങിയവരെയൊക്കെ മത്സരരംഗത്തിറക്കി വസുന്ധര മാത്രമല്ല നേതാവ് എന്ന സന്ദേശം ഇതിനോടകം പാര്‍ട്ടി നല്‍കി കഴിഞ്ഞു. മധ്യപ്രദേശ് മോഡല്‍ അട്ടിമറിക്ക് രാജസ്ഥാനില്‍ കളമൊരുക്കിയ ബിജെപിയുടെ പദ്ധതി പൊളിച്ചതിലെ കടുത്ത അതൃപ്തി പാര്‍ട്ടിക്ക് വസുന്ധരയോടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ജനകീയയായ വസുന്ധരയെ പൂര്‍ണ്ണമായി ഒഴിച്ച് നിര്‍ത്തിയുള്ള നീക്കത്തിന് പാര്‍ട്ടിക്ക് അത്ര ഇപ്പോഴും അത്ര ധൈര്യം പോര. താന്‍ തന്നെ നേതാവെന്ന നിലപാടിലാണ് വസുന്ധര.
ആര് തൊടും ആ മാജിക് സംഖ്യ ?
ഇരുനൂറ് സീറ്റുള്ള രാജസ്ഥാന്‍ നിയമസഭയില്‍ സ്വതന്ത്രരുടെ അടക്കം പിന്തുണയോടെ 121 എന്ന സംഖ്യയിലാണ് കോണ്‍ഗ്രസിന്‍റെ ഭരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിക്ക് 70 സീറ്റുകള്‍ കിട്ടി. പിന്നീട് നടന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൂജ്യത്തിലേക്ക് തള്ളി 25ല്‍ 24 ഉം ബിജെപി തൂത്ത് വാരി. രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടി.ജാട്ട്, രാജ് പുത്, ഗുജ്ജര്‍, മീണ തുടങ്ങിയ വിഭാഗങ്ങള്‍ നിര്‍ണ്ണായക വോട്ടു ബാങ്കുകളാകുന്ന സംസ്ഥാനത്തെ ജനഹിതം മുന്‍വിധികളെ മാറ്റുന്നതാണോയെന്ന് കാത്തിരുന്ന് കാണാം.

