താൻ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന് പറയാനാവില്ല,അശോക് ഗലോട്ടിനോട് ഭിന്നതയില്ലെന്നും സച്ചിന്‍ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട്  

ജയ്പൂര്‍: രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ആരേയും ഉയർത്തിക്കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം എടുക്കും.താൻ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന് പറയാനാവില്ല .അശോക് ഗലോട്ടിനോട് ഭിന്നതയില്ല .താൻ ഉയർത്തിയത് ജനകീയ വിഷയങ്ങളാണ്.തെരഞ്ഞെടുത്ത ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണമെന്നാണ് ഗലോട്ടിനോട് പറഞ്ഞത് .ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരമായെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലേറിയതിന് പിന്നാലെ തുടങ്ങിയ അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് തല്‍ക്കാലം വെടിനിര്‍ത്തലില്‍ എത്തിയെങ്കിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറി പ്രതീക്ഷിക്കാം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം നല്‍കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ പോലും അട്ടിമറിച്ച ഗലോട്ടിന്‍റെ ലക്ഷ്യം ഭരണത്തുടര്‍ച്ചയിലും അതേ കസേരയാണ്.അനുനയത്തിന് വഴങ്ങിയ സച്ചിന്‍റെ ലക്ഷ്യവും മറ്റൊന്നല്ല. സര്‍ക്കാരിന്‍റെ അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ സച്ചിന്‍ നടത്തിയ പദയാത്ര ബിജെപിക്ക് ഇപ്പോള്‍ ആയുധമാണ്.

കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ഇത്തവണത്തെ പോരാട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സര്‍ക്കാര്‍. മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന പതിവില്‍ കണ്ണുവയക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്.