
ദില്ലി: തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ നിർണ്ണായക ദേശീയ നിർവ്വാഹകസമിതി യോഗം ദില്ലിയിൽ തുടങ്ങി. പ്രധാനമന്ത്രിയുടെ റോഡ് ഷോയോടെ തുടങ്ങിയ രണ്ട് ദിവസത്തെ യോഗത്തിൽ കേരളത്തിലടക്കം സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപരേഖയാകും. എല്ലാ നിർവാഹക സമിതി അംഗങ്ങളോടും തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യോഗത്തിൽ നിർദേശിച്ച ജെ പി നദ്ദ, ഈ വർഷം 9 സംസ്ഥാനങ്ങളിലും വിജയിക്കുമെന്നും പറഞ്ഞു.
നിർണായക സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും അടുക്കവേയാണ് ദില്ലിയിൽ ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗം ഇന്നും നാളെയുമായി ചേരുന്നത്. യോഗത്തിലേക്ക് 1 കിമീ റോഡ്ഷോ നടത്തിയാണ് പ്രധാനമന്ത്രിയെത്തിയത്. മോദി തന്നെയാണ് വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ മുഖം എന്ന് വ്യക്തമാക്കുന്നതായി രാജ്യ തലസ്ഥാനത്തെ റോഡ് ഷോ. കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങളും പദ്ദതികളും കൂടാതെ ജി 20 ഉച്ചകോടിയും തെരഞ്ഞെടുപ്പുകളിൽ പ്രചാരണ വിഷയങ്ങളാക്കാനാണ് തീരുമാനം.
എല്ലാവരോടും തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യോഗത്തിൽ സ്വാഗത പ്രസംഗത്തിൽ ആഹ്വാനം ചെയ്ത ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, 9 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കുമെന്നും പറഞ്ഞു. 100 ലോക്സഭാ മണ്ഡലങ്ങളിലായി ബിജെപി ദുർബലമായ 72000 ബൂത്തുകൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും 130000 ബൂത്തുകളിൽ പ്രവർത്തകർ സജ്ജമായി കഴിഞ്ഞെന്നും നദ്ദ പറഞ്ഞു. യോഗത്തിൽ 4 പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. മധ്യവർഗത്തെ പരിഗണിക്കണമെന്ന ആർഎസ്എസ് നിർദേശവും യോഗത്തിൽ ചർച്ചയാകും. ഈമാസം 20 ന് അധ്യക്ഷ സ്ഥാനത്ത് ഒരു ടേം പൂർത്തിയാക്കുന്ന ജെ പി നദ്ദ ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിയും വരെ തുടരണമെന്നാണ് നിലവിലെ ധാരണ. തെരഞ്ഞെടുപ്പടുക്കുന്നതിനാൽ സംസ്ഥാന നേതൃത്ത്വങ്ങളിലും കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam